കോട്ടയം: വേനൽക്കാലത്ത് കുടിവെള്ളത്തിന്റെ പേരിൽ എന്തും വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരം കർക്കശമാക്കാനാണ് നീക്കം. ജ്യൂസ് കടകളിലുപയോഗിക്കുന്ന വെള്ളവും പരിശോധിക്കും.

ഏജൻസികൾ വിതരണം ചെയ്യുന്ന കുടിവെള്ളം എവിടെ നിന്ന് ശേഖരിക്കുന്നുവെന്ന് കണ്ടെത്തണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ജില്ലാ യൂണിറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പരിശോധനാ ഫലം വന്ന ശേഷം തുടർനടപടികളിലേയ്ക്ക് കടക്കും. ജില്ലയിലെ ജ്യൂസ് പാർലറുകളിൽ എത്രയെണ്ണത്തിന് ലൈസൻസ് ഉണ്ടെന്നതും പരിശോധിക്കുന്നുണ്ട്.