കോട്ടയം: അമിതവേഗതയും അശ്രദ്ധയും നിർമ്മാണത്തിലെ അശാസ്ത്രീയതയും മൂലം നിരന്തരം അപകട വഴിയായി മാറിയ നീലിമംഗലവും സംക്രാന്തിയും ഡ്രൈവർമാർക്ക് പേടി സ്വപ്‌നമാകുന്നു. സമീപദിവസങ്ങളിലായി നിരവധി അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. ഈ സാഹചര്യത്തിൽ ഇവിടെ അപകടം ഒഴിവാക്കാൻ അടിയന്തര ക്രമീകരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നു മാസം മുൻപ് നീലിമംഗലത്ത് കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചിരുന്നു. റോ‌ഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർച്ചയായ അപകടങ്ങൾക്ക് പ്രധാന കാരണമായിരുന്ന ഡിവൈഡർ കെ.എസ്.ടി.പി പൊളിച്ചു മാറ്റിയിട്ടും ഇപ്പോഴും അപകടങ്ങൾ തുടരുകയാണ്.

എം.സി റോഡിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളിൽ ഒന്നാണ് സംക്രാന്തി മുതൽ നീലിമംഗലം വരെയുള്ള ഭാഗം. മെഡിക്കൽ കോളേജ് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേയ്‌ക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. എന്നാൽ, നീലിമംഗലം ഭാഗത്ത് പഴയ പാലവും പുതിയ പാലവും റോ‌ഡുമായി ചേരുന്നിടത്ത് ഡ്രൈവർമാ‌‌ർക്ക് ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. ഇതാണ് അപകടത്തിന്റെ പ്രധാന കാരണം. പഴയ പാലത്തിലേയ്‌ക്കെന്ന രീതിയിലാണ് ദൂരെ നിന്ന് നോക്കുമ്പോൾ റോഡിന്റെ കിടപ്പ്. എന്നാൽ, അടുത്തെത്തിയ ശേഷം മാത്രമേ വളവാണ് ഇവിടെ എന്ന കാര്യം വ്യക്തമാകുകയുള്ളൂ. ഇത്തരത്തിൽ വാഹനം വെട്ടിച്ച് മാറ്റുമ്പോഴാണ് അപകടമുണ്ടാകുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ഇവിടെ കാൽനടയാത്രക്കാർക്കായി സീബ്രാ ലൈനില്ലാത്തതും അപകടം വർദ്ധിപ്പിക്കുന്നുണ്ട്.