വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് വണികവൈശ്യസംഘത്തിന്റെ ഊരുചുറ്റു കുംഭകുടം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ആചാരപ്രകാരം കാണിക്കയർപ്പിച്ച് വിളിപ്പാട്ടോടെ കുംഭഭരണി അറിയിപ്പ് നടത്തി. എഴുദിവസം മുൻപ് കിഴക്കേ നടയിലുള്ള മുത്താരമ്മൻ കാവിൽ നിന്നും പുറപ്പെട്ട ഊരു ചുറ്റ് വൈക്കം ടൗണിലെ വിവിധ ക്ഷേത്രങ്ങളിലും കാണിക്കയർപ്പിക്കും. വീടുകളിൽ നിലവിളക്ക് തെളിയിച്ചാണ് ഊരുചുറ്റു കുംഭകുടത്തെ വരവേൽക്കുന്നത്. കുംഭഭരണി ദിനമായ 11ന് ഉച്ചക്ക് മൂന്നു മണിക്ക് മുത്താരമ്മൻ കാവിൽ നിന്നും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ഊരുചുറ്റ് കുംഭകുടം മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈക്കം മഹാദേവ ക്ഷേത്രത്തിൽ കാണികയർപ്പിച്ച ശേഷം തെക്കേനടയിലെ കാഞ്ഞിരംചുവട് റോഡിൽ വച്ച് ചൂണ്ട കൊളുത്തിയ ശേഷം ഘോഷയാത്രയായാണ് മുത്തേടത്ത് കാവിലേക്ക് പുറപ്പെടുക. മൂത്തേടത്തുകാവിൽ വെളിച്ചപ്പാട് ഊരുചുറ്റ് കുംഭകുടത്തെ ക്ഷേത്രത്തിലേക്ക് ആനയിക്കും.