robery1

ചങ്ങനാശേരി : തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി വികാരിയേയും സഹവികാരിമാരെയും പൂട്ടിയിട്ട് ഓഫീസ് മുറി കുത്തിത്തുറന്ന് വൻകവർച്ച. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ വികാരി കുർബാനയ്ക് പോകാനായി ഇറങ്ങുമ്പോഴാണ് മുറി പുറത്തു നിന്ന് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മറ്റ് വൈദികരെ വിവരം വിളിച്ചറിയിച്ചെങ്കിലും അവരുടെയും മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെത്തിയാണ് മുറി തുറന്ന് വൈദികരെ പുറത്തെത്തിച്ചത്.

വൈദികമന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള പള്ളി ഓഫീസും അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പള്ളിയിൽ നിന്നു വൈദിക മന്ദിരത്തിലേക്കുള്ള ഗ്രിൽ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. താഴത്തെ നിലയിൽ താമസിക്കുന്ന വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികൾ പുറത്ത് നിന്ന് പൂട്ടിയശേഷം പള്ളിയുടെ ഓഫീസിലെത്തി മോഷണം നടത്തുകയായിരുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പള്ളിക്കൈക്കാരന്മാർ പറഞ്ഞു. ഓഫീസിലെ സ്റ്റീൽ അലമാരയുടെ വാതിൽ തകർത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലും മറ്റൊരു അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന നിലയിലുമാണ്. പണത്തിന് പുറമെ പ്രധാന വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയിലെ രേഖകളും പണവും, ഓഫീസിലുണ്ടായിരുന്ന ചെക്കുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. പള്ളിയുടെ 250 മീറ്റർ ദൂരത്താണു തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പള്ളി അധികൃതർ അറിയിച്ചതിനുസരിച്ച് എസ്.ഐമാരായ വി.പി ജോയി, പി.എം ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്ന് ഡോഗ് സ്‌ക്വാഡും, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ നായ ജിൽ പള്ളിയുടെ പിറകുവശം വരെ ഓടി തിരികെ വന്നു.

മോഷണം പെരുകുന്നു, പൊലീസ് വിയർക്കുന്നു

അടുത്തിടെ ജില്ലയിൽ ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം മോഷണമാണ് നടന്നത്. ഒന്നിൽപ്പോലും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. മാർച്ച് 3 ന് കോട്ടയം നഗരമദ്ധ്യത്തിൽ നിന്ന് മോഷ്‌ടിച്ച ബൈക്കിൽ കറങ്ങി നടന്ന കള്ളൻ ഒരു വീട്ടിൽ നിന്നു ഏഴു പവൻ സ്വർണമാണ് കവർന്നത്. ബൈക്ക് മോഷണം പോയതായി പരാതി നൽകിയ ശേഷം 24 മണിക്കൂറിലേറെ മോഷ്‌ടാവ് സ്വതന്ത്രമായി നഗരത്തിലൂടെ വിഹരിച്ചു. മുക്കിലും മൂലയിലും പൊലീസ് വാഹന പരിശോധനയുമായി നിലയുറപ്പിക്കുമ്പോഴായിരുന്നു മോഷ്ടാവിന്റെ സുഖയാത്ര. രേഖാചിത്രം തയ്യാറാക്കിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. കാരിത്താസിൽ ഡോക്‌ടറുടെ വീട്ടിൽ നിന്നു ഡയമണ്ട് വള മോഷ്‌ടിച്ചയാളെയും കണ്ടെത്താനായില്ല.