ഈരാറ്റുപേട്ട: വേനൽ കടുത്തത്തിനെ തുടർന്ന് കനത്ത ശുദ്ധജല ക്ഷാമം നേരിടുകയാണ് ഈരാറ്റുപേട്ടയും സമീപപ്രദേശങ്ങളും. കുടിവെള്ള ക്ഷാമം പരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. പുഴകളും തോടുകളും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. കനത്ത ചൂട് മൂലം പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് പ്രദേശത്തുള്ളത്. കനത്ത വെള്ളപ്പൊക്കത്തെ അതിജീവിച്ച നാടാണ് ഇപ്പോൾ കൊടിയ വേനലിന്റെ വറുതിയിലേക്ക് എത്തിയിരിക്കുന്നത്. മലയോര പ്രദേശങ്ങളിൽ കുടിവെള്ളത്തിന് കനത്ത ക്ഷാമമാണ്.
കുടിവെള്ള പദ്ധതികൾ മിക്കവയും നിലച്ച മട്ടിലാണ്. മീനച്ചിലാറ്റിൽ കയങ്ങളിലും ചെക്ക്ഡാമുകളിലും മാത്രമാണ് വെള്ളം അവശേഷിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയും കടുത്ത ശുദ്ധജല ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. രണ്ട് നദികളുണ്ടായിട്ടും ഈരാറ്റുപേട്ട നഗരസഭയിൽ പ്രയോജനകരമായ ശുദ്ധജല പദ്ധതികൾ ആവിഷ്കരിക്കുവാൻ സംസ്ഥാന വാട്ടർ അതോറിറ്റിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. 25 വർഷം മുമ്പ് ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകൾദ്രവിച്ചത് കാരണം ഇപ്പോൾ നഗരത്തിലെ പല പ്രദേശങ്ങളിലേക്കും പമ്പിംഗ് നടക്കുന്നില്ല. അതിനാൽ മലയോര പ്രദേശങ്ങളിലേക്കും ഈരാറ്റുപേട്ട നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലേക്കും ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.