കോട്ടയം: സ്ത്രീസുരക്ഷ മുൻനിറുത്തി സ്ഥാപിതമായ വനിതാ പൊലീസ് സ്റ്റേഷൻ അധികാരമുണ്ടായിട്ടും ഇതുവരെ കേസുകളെടുത്തിട്ടില്ല. സ്ത്രീകൾ നൽകുന്ന പരാതിയിന്മേൽ പ്രതിയുമായി പരസ്പരധാരണയിലെത്തിച്ച് കേസ് ഫയൽ ചെയ്യാതെ പരിഹാരം കാണുകയായിരുന്നു മുന്പ് ചെയ്തിരുന്നത്. പിന്നീട് 2017 ൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി വനിതാ പൊലീസ് സ്റ്റേഷന് നൽകിയിരുന്നു. എന്നാൽ അനുമതി ലഭിച്ച് ഇത്രയും നാൾ പിന്നിട്ടിട്ടും ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നിലവിൽ അത്തരത്തിലുള്ള കേസുകൾ ഉണ്ടാകുന്പോൾ പരാതിയിന്മേൽ അന്വേഷണം നടത്തി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി സംബന്ധിച്ച വിവരങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നത്. വനിതാ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് സിവിൽ പൊലീസുകാർ ഇല്ലാത്തതാണ് കേസുകൾ രജിസ്റ്റർ ചെയ്യാത്തതിന്റെ പ്രധാനകാരണം എന്നാണ് അധികൃതർ പറയുന്നത്. നിലവിൽ സ്റ്റേഷനിൽ ഉള്ളവരിൽ അഞ്ച് പോലീസുകാർ പിങ്ക് പെട്രോളിങ്ങിലാണ് പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന കേസുകൾ പൊതുവെ കുറവാണെന്നും വാദിയോ പ്രതിയോ ആയ സ്ത്രീയോടൊപ്പം ഏതെങ്കിലും ഒരു പുരുഷനും കൂടി ഉൾപ്പെടുന്നതും കേസ് രജിസ്റ്റർ ചെയ്യാത്തതിന്റെ പ്രധാനകാരണമാണെന്നും പറയുന്നു. പൊലീസ് സേനയിലേക്കുള്ള നിലവിലുള്ള ട്രെയിനിംഗുകൾ പൂർത്തിയാകുന്പോൾ വനിതാ പൊലീസ് സ്റ്റേഷനുകളിലേക്കും പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ.