കോട്ടയം: വേനലേറി വരുന്നതോടെ പ്രദേശത്തെ കിണറുകളടക്കമുള്ള ശുദ്ധ ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ നഗരസഭയിലെ മൂന്നാം വാർഡായ കുഴിയാലിപ്പടി - മാമൂട് ഭാഗത്ത് ജലക്ഷാമം രൂക്ഷമാകുന്നു. കിണറുകൾ പോലുള്ള ജല സ്രോതസ്സുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന 40ലധികം കുടുംബങ്ങളാണ് ഇതോടെ ഏറെ ദുരിതത്തിലായിരിക്കുന്നത്.

ജലക്ഷാമം രൂക്ഷമായതോടെ വാട്ടർ അതോറിട്ടിയിൽ നിന്നും ആഴ്ച്ചയിൽ ഒരു തവണ കിട്ടുന്ന മൂന്നോ നാലോ കുടം വെള്ളം മാത്രമാണ് ഏക ആശ്രയം. പ്രദേശവാസികൾ കുടിവെള്ളമില്ലാതെ വലഞ്ഞിട്ടും ആഴ്ച്ചയിൽ ഒരു തവണ വെള്ളമെത്തിക്കുക എന്നല്ലാതെ യാതൊരു വിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിനായും ദൈനംദിന ആവശ്യങ്ങൾക്കായും സ്വകാര്യ വ്യക്തികളിൽ നിന്നും വെള്ളം കാശ് മുടക്കി വാങ്ങിക്കേണ്ട സ്ഥിതിയാണുള്ളത്. ആഴ്ച്ചതോറും ഇതിനായി 600- 750 രൂപയോളം ചെലവഴിക്കേണ്ടതായി വരും. സാന്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.

അവരെ സംബന്ധിച്ചിടത്തോളം ആഴ്ച്ചതോറും വെള്ളത്തിനായ് ഇത്രയധികം രൂപ മുടക്കുകയെന്നത് അപ്രാപ്യമായ ഒന്നാണ്.

സ്വന്തമായി കിണറുകളില്ലാത്ത പലരും സമീപപ്രദേശത്തെ വീടുകളിലെ കിണറിൽ നിന്നാണ് മഴക്കാലത്തു പോലും കുടിവെള്ളമെടുക്കുന്നത്. എന്നാൽ വേനൽ കടുത്തതോടെ സമീപപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നത് പ്രദേശവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു. ജലസ്രോതസുകളെല്ലാം വറ്രിയ സാഹചര്യത്തിൽ ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും വാട്ടർ അതോറിട്ടിയിൽ നിന്നും വെള്ളമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.