mani-and-joseph

കോട്ടയം: സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രണ്ടിലയിൽ നിന്ന് രണ്ട് കൈയും വിട്ട അവസ്ഥയിൽ പി.ജെ. ജോസഫ് നിൽക്കുന്നതിനിടെ കേരള കോൺഗ്രസ് (എം) നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. രാവിലെ പാർലമെന്ററി പാർട്ടിയോഗ ശേഷം ഉച്ചകഴിഞ്ഞാണ് 80 അംഗ സ്റ്റിയറിംഗ് കമ്മിറ്റി. ഇരു സമിതികളിലും തങ്ങൾക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ ജോസഫിന്റേത് നടക്കാത്ത മോഹമെന്നാണ് മാണി വിഭാഗം ഉന്നത നേതാക്കൾ പറയുന്നത്.

പാർട്ടിക്ക് ലഭിക്കുന്ന ഒരു സീറ്റിൽ സ്ഥാനാർത്ഥിയാക്കുമെന്നാണ് പി.ജെ. ജോസഫ് ഇന്നലെയും പറഞ്ഞത്. ഒരു എം.എൽ.എ മാത്രമേ ഒപ്പമുള്ളൂവെങ്കിലും പാർലമെന്ററി പാർട്ടിയോഗത്തിൽ ഭൂരിപക്ഷ പിന്തുണ ജോസഫും അവകാശപ്പെടുന്നു. ആറ് എം.എൽ.എമാരും ജോസ് കെ. മാണി എം.പിയും മുൻ എം.പി ജോയി എബ്രഹാമുമടങ്ങുന്ന പാർലമെന്ററി പാർട്ടി യോഗം രാവിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ചേരുന്നത്. തീരുമാനമെടുക്കാൻ ചെയർമാൻ കെ.എം. മാണിയെ ചുമതലപ്പെടുത്തി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് സാദ്ധ്യത.

സീറ്റിനായി ജോസഫിനെ മുന്നിൽ നിറുത്തി കളിക്കുന്നത് ഉമ്മൻചാണ്ടിക്കൊപ്പമുള്ള ഉന്നത കോൺഗ്രസ് നേതാവാണെന്നാണ് മാണി ഗ്രൂപ്പിന്റെ ആരോപണം. കോട്ടയം, ഇടുക്കി സീറ്റ് വച്ചുമാറൽ പ്രചാരണവും പാർട്ടി പിളർത്താനുള്ള ശ്രമവും നടത്തുന്ന കോൺഗ്രസ് നേതാവിനെതിരെ ഇന്നത്തെ യോഗത്തിൽ പരസ്യ പ്രതികരണം ഉണ്ടായേക്കും.

ഒത്തുതീർപ്പ് ഫോർമുലയെന്നോണം ചെയർമാൻ സ്ഥാനത്ത് ജോസ് കെ. മാണി വന്ന് പകരം സീറ്റ് ജോസഫിനെന്ന പ്രചാരണം ശക്തമാണ്. അത്തരമൊരു സാദ്ധ്യത വന്നാൽ ജോസഫിന്റെ കൈവശമുള്ള തൊടുപുഴ, കടുത്തുരുത്തി സീറ്റുകൾ തിരിച്ചെടുക്കുമെന്നാണ് മാണി വിഭാഗം നേതാക്കളുടെ മറുപടി.

സീറ്റില്ലെങ്കിൽ ജോസഫിന്റെ അടുത്ത നടപടിയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് കൈവിട്ട് കളിക്കാൻ കഴിയാത്തതിനാൽ ഔദ്യോഗിക സ്ഥാനാർത്ഥിയെ ജോസഫിനും അംഗീകരിക്കേണ്ടി വരുമെന്ന് മാണി വിഭാഗം വിശ്വസിക്കുന്നു. ജോസഫിനെ പിണക്കരുതെന്ന് യു.ഡി.എഫ് നേതാക്കളും കത്തോലിക്കാ സഭ ബിഷപ്പുമാരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അയവ് കാട്ടേണ്ടെന്ന നിലപാടിലാണ് മാണി.