തലയോലപ്പറമ്പ് : സ്തീകളെ വില്പനചരക്കാക്കി മാറ്റുന്ന വ്യവസ്ഥിതിയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ സ്തീധന നിരോധന നിയമം സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കണമെന്ന് സോഷ്യൽ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് പറഞ്ഞു. സോഷ്യൽ ജസ്റ്റീസ് ഫോറം വടയാർ മാർ സ്ലീവാ യു.പി.സ്‌കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ, സമൂഹ രക്ഷ' മേഖലാതല സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് നിർമ്മല ഷാജി അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ ആദ്യകാല സിനിമാതാരം വൈക്കം ശ്രീരഞ്ജിനിയെ ചടങ്ങിൽ ആദരിച്ചു. ജോയിന്റ് സെക്രട്ടറി റാണി വൃന്ദ സ്ത്രീസുരക്ഷാ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി വി. മർക്കോസ്, മിനി ടീച്ചർ, ജിജു ജോർജ്ജ്, ലീലാമ്മ, സുശീലാ ഗോപാലൻ, സ്മിത ജിനി, കനകമ്മ വടയാർ, ലീലാ പൊന്നപ്പൻ, ജിൻസി ബാബു, വിഷ്ണുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.