കോട്ടയം : പ്രളത്തിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയവരെ രക്ഷിച്ച് ടോറസിൽ കയറ്റി ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തിക്കുന്നതിനിടെ ടോറസിൽ നിന്നു വീണ് നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഏറെ നേരം നിൽക്കാനാവില്ല. ബെൽറ്റിട്ടാണ് നടക്കുന്നത്. സ്ഥാനാർത്ഥിയായാൽ പ്രചാരണ വാഹനത്തിൽ ഏറെ സമയം നിൽക്കേണ്ടിവരും. മത്സരരംഗത്തു നിന്ന് ഒഴിവാക്കാനുള്ള വാസവന്റെ അഭ്യർത്ഥനയായിരുന്നു ഇത്. എന്നാൽ ജനസമ്മിതി പരിഗണിച്ച് വാസവനെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കാനായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും വിളിച്ച് പ്രചാരണത്തിനിറങ്ങും മുമ്പ് അടിയന്തിര ചികിത്സ ഉറപ്പാക്കിയതോടെ ഒടുവിൽ സമ്മതം മൂളുകയായിരുന്നു. കോട്ടയം തിരിച്ചു പിടിക്കാനുള്ള നിയോഗവുമായി വാസവൻ എത്തുമ്പോൾ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
'കോട്ടയം ഇടതുപക്ഷത്തിന് ബാലികേറാമലയല്ലെന്ന് പല തവണ തെളിയിച്ചിട്ടുണ്ടെന്നാണ് വാസവന്റെ അഭിപ്രായം. ഇന്ദിരാവധത്തെ തുടർന്നുണ്ടായ സഹതാപതരംഗം മറികടന്ന് കോട്ടയത്ത് സുരേഷ് കുറുപ്പിന് ചെങ്കൊടി ഉയർത്താൻ കഴിഞ്ഞു. രമേശ് ചെന്നിത്തല, പി.സി.ചാക്കോ തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കളെ കോട്ടയത്ത് തോല്പിക്കാനുമായി. യു.ഡി.എഫ് കോട്ടയെന്നതൊക്കെ പഴംകഥയാണ്.
ശബരിമല വിഷയം വോട്ടർമാരെ വലുതായി സ്വാധീനിക്കുമെന്ന് കരുതുന്നില്ല. ഒന്നേകാൽ ലക്ഷത്തോളം പുതിയ വോട്ടർമാരിലാണ് പ്രതീക്ഷ. നിലവിലെ എം.പി ലോക് സഭയിലേക്ക് മത്സരിക്കാൻ ഭയന്ന് രാജ്യസഭാംഗമായതോടെ ഒരു വർഷത്തോളമായി കോട്ടയത്തിന് എം.പിയില്ലാതായി. നിരവധി വികസന പ്രവർത്തനങ്ങളും മുടങ്ങി. ഇതിന് വോട്ടർമാർ മറുപടി നൽകും.
അനുകൂലമായത് ജനകീയ പരിവേഷം
ഐങ്കൊമ്പ് ബസ് അപകടം, കുമരകം ബോട്ട് ദുരന്തം, പുല്ലുമേട് ദുരന്തം, തേക്കടി ബോട്ട് ദുരന്തം, പ്രളയ ദുരിതാശ്വാസ പ്രവർത്തനം അടക്കം നിരവധി ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയമോ സമുദായമോ നോക്കാതെയുള്ള ഇടപെടലായിരുന്നു വാസവന്റേത്. അഭയം ചെയർമാനെന്ന നിലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ കണ്ണീരൊപ്പി. എളിയ പാർട്ടി പ്രവർത്തകനായി തുടങ്ങി എം.എൽ.എയും ജില്ലാ സെക്രട്ടറിയും വരെയായി. ജനകീയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സ്ഥാനാർത്ഥിത്വമെന്നാണ് വാസവനും വിശ്വസിക്കുന്നത്. 12 നാണ് പാർലമെന്റ് കൺവെൻഷൻ.