ചങ്ങനാശേരി: യു.കെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് ഓൺലൈൻ പരസ്യം നൽകി വിശ്വസിപ്പിച്ച്, ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ മുംബയിൽനിന്നും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് അംബിക നിവാസിൽ ജയശീലൻ ( 35 ) ആണ് പൊലീസ് പിടിയിലായത് . പ്രതിമാസം 1800 ഡോളർ ശമ്പളത്തിൽ യുകെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ഓൺലൈനിൽ പരസ്യം നൽകിയത്. ഇതുകണ്ട് ബന്ധപ്പെട്ട ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും 2018 ജൂലൈയിലാണ് ഇയാൾ ഒരുലക്ഷം രൂപ തട്ടിയെടുത്തത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ഓമനക്കുട്ടൻ, സി.പി.ഒമാരായ വിനോദ്, മർക്കോസ് എന്നിവർ അടങ്ങുന്ന സംഘമാണ് മുംബൈയിൽ നിന്ന് ജയശീലനെ പിടികൂടികൂടിയത്. റിക്രൂട്ട്‌മെൻറ് ഫീസായി നാലര ലക്ഷം രൂപയാണ് പ്രതി ചോദിച്ചിരുന്നത്. ആദ്യഗഡുവായി 2 ലക്ഷം രൂപ വിസ ഫീസായും ബാക്കി രണ്ടരലക്ഷം രൂപ രണ്ടാം ഗഡുവായി ജോലിയിൽ പ്രവേശിച്ചശേഷം ശമ്പളത്തിൽ നിന്നും മതി എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്നാം ഗഡുവായി ഒരു ലക്ഷം രൂപ മാത്രമാണ് പരാതിക്കാരൻ പ്രതിയുടെ മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകിയിരുന്നത്. പക്ഷേ പണം ലഭിച്ചശേഷം ജോലിക്കുള്ള മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന് കാണിച്ചുകൊണ്ടാണ് പണം നഷ്ടമായ യുവാവ് പൊലീസിനെ സമീപിച്ചത്. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടിന്റെയും , ഫോൺ കോളുകളുടെയും വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ തട്ടിപ്പ് മനസ്സിലായത്.തുടന്ന് ചങ്ങനാശേരി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.