കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി. തോമസ് മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നയിക്കുന്ന മദ്ധ്യമേഖല പരിവർത്തന യാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാകും. ഘടകക്ഷികളുമായി ധാരണയായി. ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകില്ല. സ്ഥാനാർത്ഥി പട്ടികയുമായി ഉടൻ ദേശീയ നേതൃത്വത്തെ സമീപിക്കും. 2004ൽ മൂവാറ്റുപഴയിൽ നിന്ന് ആരും പ്രതീക്ഷിക്കാതെയാണ് പി.സി. തോമസ് ജയിച്ചത്. ആ ചരിത്രം കോട്ടയത്തും ആവർത്തിക്കും. കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ 2004 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. പാക്കിസ്ഥാനെതിരെ കേന്ദ്രസർക്കാർ നടത്തിയ സൈനിക നീക്കത്തെ പിന്തുണയ്ക്കാതെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എ.എൻ.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.ഹരി, പി.സി. തോമസ്, ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.കെ. നാരായണൻ നമ്പൂതിരി, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.