കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്‌ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. സ്ഥലവില നിശ്‌ചയിക്കുന്നതിനുള്ള വിദഗ്‌ധ സമിതി യോഗം ചേരുന്നത് വൈകുന്നതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം സമിതി യോഗം ചേർന്ന് റിപ്പോർട്ട് ജില്ലാ കളക്‌ടർക്ക് കൈമാറി. ഇനി നഷ്‌ടപരിഹാര തുക നിശ്‌ചയിച്ച ശേഷം സംസ്ഥാന തല സമിതിയുടെ അംഗീകാരം നേടണം.

സ്ഥലം ഏറ്റെടുപ്പ് വൈകാതിരിക്കാൻ ശബരി പദ്ധതിയ്ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ ഏറ്റുമാനൂർ പാതയ്ക്കായി നിയോഗിക്കാമെന്നും ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകിയിട്ടുണ്ട്.

ഇനി 3.5 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുത്ത് നൽകാനുള്ളത്. ഇതിന് പല തവണ തീയതി നിശ്‌ചയിച്ചെങ്കിലും ഉദ്യോഗസ്ഥർ ഉഴപ്പിയതിനാൽ നടന്നില്ല. മാർച്ച് 31 ന് മുൻപ് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മൂന്നു മാസമെങ്കിലും വേണ്ടി വരും . ചിങ്ങവനത്തിനും ഏറ്റുമാനൂരിനും ഇടയിലുള്ള പല പ്രദേശങ്ങളും പാടശേഖരങ്ങളാണ്. മഴക്കാലമായാൽ ഇവിടെ നിർമ്മാണം ദുഷ്‌കരമാവും. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ കുറുപ്പന്തറ - ഏറ്റുമാനൂർ പാതയിലെ സുരക്ഷാ പരിശോധന പതിനഞ്ചിനു ശേഷം നടക്കും. കായംകുളത്തിനും എറണാകുളത്തിനും ഇടയിൽ ചങ്ങനാശേരി മുതൽ ഏറ്റുമാനൂ‌ർ വരെ 18 കിലോമീറ്ററിൽ മാത്രമാവും പിന്നീട് ഒറ്റപ്പാതയുണ്ടാകുക. ഈ പാത ഇരട്ടിപ്പിക്കാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.