kerala-congress-m

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചുമതല ചെയർമാൻ കെ.എം. മാണിക്ക് വിട്ട് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം പിരിഞ്ഞു. ജില്ലയിലെ നേതാക്കളുമായി സംസാരിച്ചശേഷം സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മാണി പറഞ്ഞു.

വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചതോടെ പ്രതിസന്ധിയിലായ കേരള കോൺഗ്രസിൽ മഞ്ഞുരുകലിന്റെ സൂചനയാണ് നേതൃത്വം നൽകുന്നത്. രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും ഉച്ചയ്ക്ക് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും ജോസഫ് മത്സരിക്കാനുള്ള ആഗ്രഹം അറിയിച്ചു. മുൻപ് മത്സരിച്ച് പരാജയപ്പെട്ടതിനാൽ പാർലമെന്റിലേക്ക് ഇക്കുറി മത്സരിക്കണമെന്ന മോഹമുണ്ടെന്നും പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും ജോസഫ് ഇരു യോഗത്തിലും പറഞ്ഞു. ജോസഫ് മത്സരിക്കുന്നതിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ. മാണി എതിർത്തു. യു.പി.എ അധികാരത്തിലെത്തിയാൽ തനിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു ജോസഫിന്റെ മറുപടി. ഉച്ചയ്ക്ക് ശേഷം നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജോസഫിനെ വിമർശിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തി. സീറ്റിനായി ജോസഫിനെ മുന്നിൽ നിറുത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും വിമർശനമുയർന്നു. പാർട്ടി അംഗീകരിച്ചാൽ മാത്രമേ മത്സരിക്കാനുള്ളൂയെന്ന് ആവർത്തിച്ച ജോസഫ് പിതൃതുല്യനാണ് കെ.എം. മാണിയെന്നു പറഞ്ഞു രംഗം തണുപ്പിച്ചു. തുടർന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കെ.എം. മാണിയെ യോഗം ചുമതലപ്പെടുത്തിയത്

കാത്തിരിക്കുന്നത് സസ്‌പെൻസ്?

പരസ്യമായി സീറ്റ് ചോദിച്ച പാർട്ടി വർക്കിംഗ് ചെയർമാന് അനുകൂല തീരുമാനമുണ്ടാകുമെന്ന സൂചനയാണ് ജോസഫ് വിഭാഗം ഇപ്പോഴും നൽകുന്നത്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചു മാറി, ജോസഫ് ഇടുക്കിയിൽ മത്സരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയേണ്ടെന്ന് അവർ പറയുന്നു. പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്കു നൽകാമെന്നും പകരം ലോക്‌സഭാ സീറ്റ് ജോസഫിന് നൽകണമെന്നുമുള്ള ഫോർമുലയാണ് ചർച്ചയിലുള്ളത്.

"രണ്ട് സീറ്റ് ചോദിച്ചതിൽ ഒന്നാണ് കിട്ടിയത്. കിട്ടിയ സീറ്റ് കൈവിടാതെ വിജയിപ്പിക്കുക എന്നതാണ് ധർമ്മം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പാർട്ടി ചെയർമാനെയാണ് ചുമതലപ്പെടുത്തിയത്. ഞാൻ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ല. സംസ്ഥാന നേതാക്കളുമായും പ്രത്യേകിച്ച് കോട്ടയത്തുള്ള സംസ്ഥാന ജില്ലാ,​ മണ്ഡലം നേതാക്കളുമായും ആലോചിച്ച് ഉടൻ തീരുമാനം എടുക്കും".

- കെ.എം. മാണി