രാമപുരം: ശക്തമായ മഴയും കാറ്റും മൂലം വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി 26 മണിക്കൂറോളം വൈദ്യുതി നിലച്ചിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു. രാമപുരം, വെള്ളിലാപ്പിള്ളി, ഏഴാച്ചേരി, ചിറകണ്ടം, മരങ്ങാട്, ചക്കാമ്പുഴ മേഖലകളിൽ ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ആണ് വൈദ്യുതി നിലച്ചത്. എന്നാൽ ഉപഭോക്താക്കൾ ഉടൻ തന്നെ വിവരം രാമപുവം കെഎസ്.ഇ.ബി. ഓഫീസിൽ വിവരവുമറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി ഉപഭോക്താക്കൾ പറയുന്നു.

11 കെ.വി. ലൈനിൽ മരം വീഴുകയും, പലയിടത്തും പോസ്റ്റുകൾ ഒടിയുകയും ചെയ്തിരുന്നു. വ്യാപക കെടുതികൾ ഉണ്ടായിട്ടും ഞായറാഴ്ച തകരാറുകൾ പരിഹരിക്കുന്നത് ഏകോപിപ്പിക്കാൻ പോലും ഒരു ഉദ്യോഗസ്ഥനും ഓഫീസിലുണ്ടായിരുന്നില്ലെന്നും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസി. എഞ്ചിനീയറും ഉൾപ്പെടെ ഞായറാഴ്ച അവധി ആഘോഷത്തിലായിരുന്നെന്നും പരാതിക്കാർ പറയുന്നു. പിന്നീട് ഒരു സബ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ജീവനക്കാർ വിശ്രമം പോലുമില്ലാതെ പ്രവർത്തിച്ചിട്ടും തകരാർ എളുപ്പത്തിൽ പരിഹരിക്കാനായില്ല.

ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വ്യക്തമാക്കി. സൗത്ത് സോൺ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നതാധികാരിളെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. തുടർന്ന് കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും തകരാറുകൾ പരിഹരിക്കുകയുമായിരുന്നു.അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കൾ വൈദ്യുതി വകുപ്പ് മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്.