കോട്ടയം: പടിഞ്ഞാറൻ പ്രദേശവാസികളെ ദുരിതത്തിലാക്കി കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മീനച്ചിലാർ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനമായിരിക്കുകയാണ്. ഇതോടെ കോട്ടയം നഗരസഭ, അയ്മനം, ആ‌ർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. നിരവധി കുടിവെള്ള പദ്ധതികൾ മേഖലയിലെ വിവിധപ്രദേശങ്ങളിലായി നിലവിലുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

അയ്മനം പഞ്ചായത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലെയും വെള്ളം മലിനമായി . വീടുകളിലെ കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്തവിധം മലിനമായി. ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് . ഇതിനിടെ കുടിവെള്ള വിതരണത്തിന്റെ ചുമതല വാട്ടർ അതോറിട്ടിയിൽ നിന്നും ജലനിധിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഞ്ചായത്തിൽ വിവാദമായിട്ടുണ്ട്.

ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. പലയിടങ്ങളിലും പൈപ്പു വെള്ളം ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ലഭിക്കുന്നില്ല. ഒരേസമയത്തിൽ പെപ്പിൽ വെള്ളമെത്താതു മൂലം സ്ഥിരമായി ജോലിയ്ക്ക് പോകുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നത്. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലോറികളിലെ കുടിവെള്ള വിതരണം സജീവമാണ്.

പൈപ്പ് വെള്ളത്തെയും സ്രോതസുകളിലെ കുടിവെള്ളവും ആശ്രയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ടാങ്കർ ലോറികളിൽ വെള്ളലെത്തിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം സംബന്ധിച്ചും ജനങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്.