കോട്ടയം: ഹരിതകേരള മിഷന്റെ സഹായത്തോടെ സന്പൂർണ ഹരിതസാക്ഷരത കൈവരിക്കാനൊരുങ്ങി അയ്മനം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വർഷങ്ങളോളം തരിശുകിടന്ന 110 ഏക്കർ പാടശേഖരത്ത് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിത്തിറക്കിയിരുന്നു. കുടമാളൂരിൽ തരിശുകിടക്കുന്ന 60 ഏക്കർ മള്ളൂർ പാടശേഖരത്ത് കൃഷിയിറക്കുന്നതിനുള്ള പ്രാരംഭ നടപടികളും പഞ്ചായത്തിന്റെ നേത‌ൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പഞ്ചായത്തിൽ സൗജന്യ പച്ചക്കറി വിത്ത് , ഗ്രോബാഗ് , കുറഞ്ഞ നിരക്കിൽ കിഴങ്ങുവർഗ്ഗ വിളകളുടെ വിത്ത് വിതരണം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

വർഷങ്ങളായി മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു കുറഞ്ഞ കിടന്ന പഞ്ചായത്തിലെ പരിപ്പ് തൊള്ളായിരം തോട്, കലുങ്കത്ര തോട് തുടങ്ങി 200 കിലോമീറ്ററോളം തോടുകൾ അയ്മനത്ത് വൃത്തിയാക്കിയിട്ടുണ്ട്. തോടുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയാണ് പഞ്ചായത്തിൽ നിന്നും വകയിരുത്തിയിരിക്കുന്നത്.

മാലിന്യ നിക്ഷേപം തടയുന്നതിനായി തിരക്കേറിയ ആറ് സ്ഥലങ്ങളിൽ സി.സി. ടിവി കാമറകളും സ്ഥാപിച്ചു. ജൈവമാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് പരിധിയിൽ നാല് തുന്പൂർമൂഴി പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി. മത്സ്യസന്പത്ത് വ്യാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പഞ്ചായത്ത് പരിധിയിൽ നിരവധി മീൻ കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്.

നാളികേര ക‌ൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.