vn-vasavan

കോട്ടയം: കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റ് കുഴപ്പത്തിൽക്കിടക്കുന്നതേയുള്ളൂ. ജോസഫിനെ വെട്ടി തോമസ് ചാഴികാടന് കോട്ടയം സീറ്ര് കൊടുത്ത കേരള കോൺഗ്രസിൽ ഇനി എന്തൊക്കെ സംഭവിക്കാനിരിക്കുന്നെന്ന് കണ്ടറിയണം. മറുപക്ഷത്ത്, എൽ.ഡി.എഫിൽ നേരത്തേ ടിക്കറ്റു കിട്ടിയ വി.എൻ. വാസവനാകട്ടെ, പ്രചാരണത്തിൽ ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. മണ്ഡലത്തിൽ ഒന്നാംറൗണ്ട് ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയ വാസവൻ ഇന്നലെ പിറവത്ത് പര്യടനവും തുടങ്ങി.

ഏറെക്കാലമായി 'രണ്ടില'യിൽ ഊന്നിനിൽക്കുന്ന കോട്ടയത്തെ ചെമ്പട്ടണിയിക്കാനുള്ള നിയോഗമാണ് പാർട്ടി വാസവനെ ഏൽപ്പിച്ചിരിക്കുന്നത്. കുമരകത്ത് കഴുത്തറ്റം പ്രളയജലത്തിൽ മുങ്ങി നിന്നവരെ ടോറസിൽ കയറ്റി ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ബദ്ധപ്പാടിനിടെ,​ വഴുതി വീണ് നടുവിന് പരിക്കേറ്റ വാസവൻ മത്സരിക്കാനില്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞതാണ്. വേദന കാരണം ഏറെനേരം നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ,​ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാസവനെ വിട്ടില്ല. വീഴ്ചയിൽ സുഷുമ്നാ നാഡിക്ക് പരിക്കേറ്റതിനാൽ ശസ്ത്രക്രിയയും വിശ്രമവും വേണമെന്ന് ഡോക്‌‌‌ടർമാർ നിർദ്ദേശിച്ചതാണ്. തിരക്കുകൾക്കിടെ ഒന്നും നടന്നില്ല. ഇപ്പോൾ അരയിൽ ബെൽറ്റിട്ടാണ് പ്രചാരണം.

പതിനൊന്നു തവണ വലതു പക്ഷത്തിനൊപ്പം നിന്ന കോട്ടയം അഞ്ചു തവണയേ ഇന്നോളം ചുവന്നിട്ടുള്ളൂ. നാലും സുരേഷ് കുറുപ്പിനു വേണ്ടി. സുരേഷ് കുറുപ്പിന്റെ താടിയായിരുന്നു ഹൈലൈറ്റ്. വാസവനും താടിക്കാരനാണ്. കോട്ടയം ഇക്കുറി ഈ താടിക്കാരൻ വീണ്ടെടുക്കുമോ എന്നതാണ് ചോദ്യം. ഇന്ന് മണ്ഡലം കൺവെൻഷൻ കൂടി കഴിയുമ്പോൾ വാസവന്റെ പ്രചാരണം ഒരുപടി കൂടി മുന്നിലെത്തും.