തലയോലപ്പറമ്പ് : കാലഹരണപ്പെട്ട് എത് നിമിഷവും നിലംപൊത്താവുന്ന വൈദ്യുതി പോസ്റ്റുകൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. തലയോലപ്പറമ്പ് - വൈക്കം റോഡിൽ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം മുതൽ സിംല ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 11 കെ.വി ലൈൻ കടന്ന് പോകുന്ന ആറോളം ഇരുമ്പ് പോസ്റ്റുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പെട്രോൾ പമ്പിന് സമീപമുള്ള മൂന്ന് പോസ്റ്റുകളുടെ ചുവട് ഭാഗം ദ്റവിച്ച് വേർപെടാറായ നിലയിലാണ്. ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്നത് ഇതുവഴിയാണ്. ഭീതിയോടെയാണ് പലരും യാത്രചെയ്യുന്നത്. പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ദുരന്തത്തിന് കാതോർക്കാതെ ഒടിഞ്ഞ പോസ്റ്റ് മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.