കോട്ടയം : കോടതി വിധി അനുകൂലമായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓർത്തഡോക്‌സ് സഭയ്‌ക്കൊപ്പം ബി.ജെ.പി അവസാനം വരെയും ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. ന്യൂനപക്ഷ മോർച്ചയുടെ മഹാസംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് പിണറായി സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ യാക്കോബായ സഭ ആളെ കൂട്ടുകയായിരുന്നു. ഇത് ക്രൈസ്‌തവ ധാർമ്മികതയ്ക്ക് ചേർന്നതല്ല. പല കാലഘട്ടത്തിലും ബി.ജെ.പിയിൽ നിന്ന് ആനുകൂല്യങ്ങൾ യാക്കോബായ സഭ പറ്റിയിട്ടുണ്ട്. ഇവരിൽ നിന്നു തിക്തമായ അനുഭവങ്ങൾ ഉണ്ടായെന്ന് മാത്രമല്ല കാണിച്ചത് നന്ദികേട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാർ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ അബ്‌ദുൾ റഷീദ് അൻസാരി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് എൻ.ഹരി, കെ. വി സാബു, സി. പി സെബാസ്റ്റ്യൻ, കെ.എ സുലൈമാൻ, റിസൺ ചെവിടൻ, ബിജോയ് തോമസ്, ഷിബു ആന്റണി, നിരണം രാജൻ എന്നിവർ പ്രസംഗിച്ചു.