ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ
കോട്ടയം: ആദ്യം മകൻ, ഇപ്പോൾ ജീവിതത്തിൽ താങ്ങും തണലുമായ ഭാര്യ... രോഗം വെല്ലുവിളിക്കുകയാണ് പാലാ പ്രവിത്താനം മുരിങ്ങയിൽ വീട്ടിൽ ജോസിനെയും കുടുംബത്തെയും. ദുരിതവും രോഗവും രണ്ടര പതിറ്റാണ്ടായി ഈ കുടുംബത്തെ വിട്ടൊഴിഞ്ഞിട്ടില്ല. കരളിന് രോഗം പിടിപെട്ട മകനെ ആകെയുള്ള കിടപ്പാടം വിറ്റാണ് വർഷങ്ങൾക്ക് മുമ്പ് ചികിത്സിച്ചത്. പ്രാർത്ഥനകൾക്കൊടുവിൽ മകൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പക്ഷെ, കിടപ്പാടവും സമ്പാദ്യവുമെല്ലാം നഷ്ടമായി. ആശ്രയം വാടകവീടായി. എന്നാൽ വിധി വീണ്ടും ഈ കുടുംബത്തോട് ക്രൂരത കാട്ടി. ഭാര്യ ഓമനയ്ക്ക് നട്ടെല്ലിന് അകൽച്ചയും സന്ധിവാതവും ബാധിച്ചു. രോഗങ്ങൾ ഒന്നായി ജോസിനേയും പിടികൂടിയതോടെ വേണ്ടിവന്നത് നാല് ശസ്ത്രക്രിയകൾ. ഇതിനിടെ കാലിന്റെ രോഗം കലശലായതോടെ ഓമന കിടപ്പിലായി. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥ. ഓമനയുടെ ശസ്ത്രക്രിയയ്ക്ക് മാത്രം ഇനിയും വേണം ലക്ഷങ്ങൾ. മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ. മരുന്ന് വാങ്ങാൻ മാത്രം മാസം 8000 രൂപയിലധികം വേണം. മുന്നോട്ടുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ വിഷമിക്കുകയാണ് ജോസ്. ഇതിനിടെ വീടിന്റെ വാടക കുടിശികയും വർദ്ധിച്ചു. റബർ ടാപ്പിംഗിലൂടെ ജോസിന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ജോസിന്റെ കുടുംബത്തിന് സുമനസുകളുടെ സഹായമെത്തിക്കാൻ ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: എം.ജെ. ജോസ്. അക്കൗണ്ട് നമ്പർ: 11060100074757. കോഡ്: എഫ്.ഡി.ആർ.എൽ 0001106. ഫോൺ: 9605960881.