തലയോലപ്പറമ്പ് : പള്ളിക്കവല എ.ജെ.ജോൺ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമായി സിഗ്നൽലൈറ്റുകൾ സ്ഥാപിക്കുന്നു. സി.കെ.ആശ എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിലെ എട്ടിടങ്ങളിൽ പില്ലറുകൾ താഴ്ത്തിയാണ് നിർമ്മാണം. വൈദ്യുതി ഇല്ലാത്ത സമയത്തും പ്രവർത്തിക്കുന്നതിനായി സിഗ്നൽ ലൈറ്റിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. കെൽട്രോണിനാണ് നിർമ്മാണ ചുമതല. കോട്ടയം, എറണാകുളം, വൈക്കം, തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്ക് മൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. രാത്രികാലങ്ങളിൽ ദിശ അറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.