km-mani7

കോട്ടയം: വീണ്ടും പാർട്ടിയിലെ ഒരു പിളർപ്പിന്റെ നടുവിൽ പാലായിലെ വീട്ടിൽ കെ.എം.മാണിക്കും തിങ്കൾ അസ്വസ്ഥതയുടെ രാവായിരുന്നു.

പകൽ മുഴുവൻ കോട്ടയം മണ്ഡലത്തിലെ നേതാക്കളുമായി ചർച്ച. എം.എൽഎയെ മത്സരിപ്പിക്കേണ്ട. , വരത്തനായ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന ഭീഷണി.....ജോസഫ് വിരുദ്ധരായ നേതാക്കളുമായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ചർച്ച പൂർത്തിയാപ്പോഴേ ജോസഫിനെ ചുണ്ണാമ്പു തേക്കാൻ മാണി തീരുമാനിച്ചുവെന്ന വിവരം ചാനൽ വാർത്തയായി. അതിന് മുമ്പേ മാണി മകൻ ജോസുമായി കാറിൽ കയറി സ്ഥലം വിട്ടു. ചാനൽപ്പട കാത്തിരിപ്പു തുടർന്നു.

രാത്രി 9.05 തോമസ് ചാഴികാടൻ കോട്ടയത്ത് സ്ഥാനാർത്ഥിയാകുമെന്ന ഒറ്റവരി പത്രക്കുറിപ്പിറങ്ങി. മാണിയും മകനും എവിടെന്നറിയാതെ പ്രതികരണം തേടി ചാനൽപ്പട. പത്തരയോടെ മാണി വീട്ടിലെത്തി. പ്രവർത്തകർ മാണിക്ക് സിന്ദാബാദ് വിളിച്ചു . ചാനൽ മൈക്കുകളുടെ തിക്കും തിരക്കിനുമിടയിൽ രണ്ടു പ്രവർത്തകരുടെ സഹായത്തോടെ കസേരയിൽ ഇരിക്കാൻ തന്നെ മാണി പാടു പെട്ടു. " പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ടാണ് ജോസഫിന് പകരം ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ജോസഫിനെ വിവരം അറിയിച്ചിരുന്നു. ചാഴികാടൻ മികച്ച സ്ഥാനാർത്ഥി .നല്ല അനുസരണയും ബഹുമാനവുമുണ്ട്. വൻ ഭൂരിപക്ഷത്തോടെ ജയിക്കും. എല്ലാം ഭംഗിയായി അവസാനിച്ചു. " കൂടുതൽ സംസാരിക്കാതെ മാണി നിറുത്തി.

ഇന്നലെ പകൽ പാലായിലെ വീട്ടിൽ പാർട്ടി അനുഭാവികളുടെ തിരക്ക്. ജോസഫ് ഇനി എന്തു ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടാത്തതിനാൽ തലങ്ങും വിലങ്ങും ചർച്ച .ജോസഫ് അനുകൂലികളുടെ മറുപടിക്കെതിരെ പ്രതിഷേധം. ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത് ഇടതു മുന്നണിയെ സഹായിക്കാനാണെന്നു പറഞ്ഞ ടി.യു.കുരുവിള യെ പുറത്താക്കണമെന്നു വരെ ചില പ്രവർത്തകർ.

ജോസഫിന്റെ സ്ഥാനാർത്ഥിത്വം തള്ളിയ കോട്ടയം മണ്ഡലത്തിലെ പ്രവർത്തകരുടെ തീരുമാനം ഒദ്യോഗികമല്ലെന്നു പറഞ്ഞ മോൻസ് ജോസഫിന് മറുപടി തേടിയെത്തിയ ചാനൽ പ്രവർത്തകരുടെ മുന്നിൽ ജോസ് കെ മാണി ."പാർട്ടിയിലെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്താണ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ഇന്നലെ പ്രചാരണം തുടങ്ങി. ഇനി മാറ്റുന്ന പ്രശ്നമില്ല "

രാത്രി വൈകും വരെ പാലാ കരിങ്കോഴയ്ക്കൽ വീട്ടിൽ പ്രവർത്തകരുടെ തിരക്ക്. അടക്കം പറച്ചിൽ. മാണിയെതേടി യു.ഡിഎഫ് നേതാക്കളുടെ ഫോൺ വിളി .മറുപടി പറഞ്ഞ് തളർന്ന് മാണിയും ജോസ് കെ മാണിയും..