thomas-chazhikandan

കോട്ടയം: മാണിയുടെ രാഷ്ട്രീയ മർമ്മാണി പ്രയോഗത്തിൽ അടിതെറ്റിയ പി.ജെ. ജോസഫ് ഇനി എന്തുചെയ്യുമെന്ന

സസ്പെൻസ് നിലനിൽക്കെ തോമസ് ചാഴിക്കാടൻ ഇന്നലെ പുലർച്ചെ മുതൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. ഇതോടെ സ്ഥാനാർത്ഥിത്വം തിരിച്ചു കിട്ടുമെന്നുള്ള ജോസഫിന്റെ മോഹം വെറുതേയായി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അടക്കം പല പ്രമുഖരെയും കണ്ട ചാഴിക്കാടൻ ക്രൈസ്തവ മഠങ്ങളും അരമനയും കയറിയിറങ്ങി പ്രചാരണത്തിന് ചടുലമായ തുടക്കമിട്ടു. ക്നാനായ സഭാംഗമായ ചാഴിക്കാടനെ പിന്തിരിപ്പിച്ചാൽ അത് കോൺഗ്രസിന്റെ മദ്ധ്യകേരളത്തിലെ മണ്ഡലങ്ങളിൽ നിൽക്കുന്ന മറ്റ് സ്ഥാനാർത്ഥികൾക്കും തിരിച്ചടിയാവും. ഇത് മുൻകൂട്ടിക്കണ്ട് കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ഇത് മനസിൽ വച്ചാണ് സ്ഥാനാർത്ഥിത്വം അടഞ്ഞ അദ്ധ്യായമാണെന്നും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ തങ്ങൾ തീരുമാനിക്കും യു.ഡി.എഫ് ഘടകകക്ഷികൾ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ജോസ് കെ. മാണി വെട്ടിത്തുറന്ന് പറഞ്ഞത് .

മാണിയുമായി ഇടഞ്ഞു നിൽക്കുന്ന ജോസഫിനെ യു.ഡി.എഫിൽ പിടിച്ചു നിറുത്താനുള്ള നീക്കമാണ് കോൺഗ്രസ് നേതാക്കൾ ഇന്നലെ നടത്തിയത്. ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് റോയി കെ. പൗലോസ് തൊടുപുഴയിലെ വീട്ടിലെത്തി ചർച്ച നടത്തി. ഇന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മൻചാണ്ടിയെയും കാണാനായി തിരുവനന്തപുരത്തിന് പോകുമെന്ന് ജോസഫ് അറിയിച്ചു. പാർട്ടി പിളർത്തിയാൽ കൂറുമാറ്റ നിയമത്തിൽ കുടുങ്ങി ജോസഫിന് എം.എൽ.എ സ്ഥാനം നഷ്ടമാകും. അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് മാണി പുറത്താക്കണം.

ഇടുക്കിയിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും കോൺഗ്രസ് സീറ്റ് വിട്ട് കൊടുക്കാൻ സാദ്ധ്യതയില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ജയസാദ്ധ്യതയുമില്ല. ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് എല്ലാ അവഗണനയും സഹിച്ച് പാർട്ടിയിൽ തുടരുകയെന്ന വഴിയും ജോസഫിന് സ്വീകാര്യമാകില്ല. ഇൗ സാഹചര്യത്തിൽ ജോസഫിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ രംഗം.

യു.ഡി.എഫിൽ ഉറച്ചു നിൽക്കാൻ താത്പര്യമുള്ളതിനാൽ മുന്നണി മാറ്റ സാദ്ധ്യതയും കാണുന്നില്ല .

പി.ജെ. ജോസഫ് ഇന്നലെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം അടുത്ത അനുയായികളായ മോൻസ് ജോസഫ്, ടി.യു. കുരുവിള എന്നിവരെക്കൊണ്ട് തനിക്ക് പറയാനുള്ളത് പറയിച്ചു. ബാർ കോഴയിൽ നിന്ന് രക്ഷപ്പെടാൻ മാണിയും സരിത കേസിൽ നിന്ന് തലയൂരാൻ ജോസ് കെ. മാണിയും ചേർന്ന് ഇടതു മുന്നണിയുമായി ധാരണയുണ്ടാക്കിയതാണ് തോമസ് ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്വമെന്നാണ് ടി.യു. കുരുവിള പ്രതികരിച്ചത്. കോഴിക്കോട് പാർട്ടി സെക്രട്ടറി പി.എം. ജോർജ് രാജിവച്ചതിനപ്പുറം ജോസഫിനെ പിന്തുണച്ച് കൂടുതലാളുകൾ രംഗത്തു വന്നില്ല.

കോട്ടയം നിയോജക മണ്ഡലം യോഗത്തിൽ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വിമർശനം ഉയർന്നപ്പോൾ ഘടകകക്ഷിയുടെ സീറ്റിൽ ഒന്നും പറയാൻ കഴിയില്ലെന്ന മറുപടിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പും നൽകിയത്. മാണിയെ പിണക്കാൻ കോൺഗ്രസ് തയ്യാറല്ല എന്നതിന്റെ സൂചന കൂടിയാണിത്.