വൈക്കം : വൈക്കം - തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന യാത്രാ ബോട്ടുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് പകരമെത്തിച്ച ആധുനിക സൗകര്യങ്ങളുള്ള പുതിയ ബോട്ട് 'ലക്ഷ്യ" യാത്രക്കാരുടെ മനം കവർന്നു. രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീൽ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടിയിൽപ്പരം രൂപയാണ് നിർമ്മാണച്ചെലവ്. വൈക്കം - തവണക്കടവ് ഫെറിയിൽ സോളാർ ബോട്ട് ആദിത്യയ്ക്ക് പുറമെ നാല് തടി ബോട്ടുകളാണ്‌ സർവീസ് നടത്തിയിരുന്നത്. ഇതിൽ രണ്ട് ബോട്ടുകൾ അറ്റക്കുറ്റപ്പണിയക്കായി ആലപ്പുഴയിലെ ഡോക്കിലേയ്ക്ക് മാറ്റിയതിനെ തുടർന്ന് യാത്രാകേശം രൂക്ഷമായിരുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് നെടുമുടിയിൽ സർവീസ് നടത്തിയിരുന്ന ലക്ഷ്യയെ വൈക്കത്തെത്തിച്ച് ഇന്നലെ രാവിലെ മുതൽ സർവീസ് ആരംഭിക്കുകയായിരുന്നു. 75 സീറ്റുള്ള ലക്ഷ്യയുടെ രൂപകല്പന ശ്രദ്ധേയമാണ്. ഡോക്കിലെത്തിച്ച തടി ബോട്ട് നന്നാക്കി വൈക്കം ഫെറിയിലെത്താൻ കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും.