കോട്ടയം: പട്ടാളത്തെപ്പറ്റിയും ശബരിമലയെപ്പറ്റിയും പറയുന്നതിൽ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതോടെ ബി.ജെ.പിയ്‌ക്ക് ഒന്നും പറയാനില്ലാത്ത സ്ഥിതിയായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത് മണ്ഡലങ്ങളിലും ജനകീയരായ സ്ഥാനാർത്ഥികളെ കണ്ടെത്തി, പ്രഖ്യാപിച്ച് ഇടത് മുന്നണി ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. എന്നാൽ, സ്ഥാനാർത്ഥികളെ നിർമ്മിക്കുന്ന പ്രവർത്തനത്തിൽ ഇപ്പോഴും മുഴുകിയിരിക്കുകയാണ് യു.ഡി.എഫും, ബി.ജെ.പി മുന്നണിയും. ഇടതു മുന്നണി സീറ്റ് വിഭജന ചർച്ചകൾ ഒരു മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. മറ്റു പാർട്ടികളിലും മുന്നണിയിലും തർക്കങ്ങൾ തുടരുകയാണ്. ശബരിമല വിഷയത്തിൽ കൊടിമാറ്റി വച്ച് വിശ്വാസ സംരക്ഷണ സമരത്തിൽ പങ്കെടുക്കാനാണ് കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്തരത്തിൽ സമരത്തിൽ പങ്കെടുക്കാൻ പോയ ജി.രാമൻനായരും പ്രമീളാദേവിയും ഇപ്പോൾ ബി.ജെ.പി നേതാക്കളാണ്. രമേശ് ചെന്നിത്തലയ്‌ക്കും ശ്രീധരൻപിള്ളയ്‌ക്കും ഒരേ ശബ്‌ദമാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സ്ഥാനാർത്ഥി വി.എൻ. വാസവൻ, കേരള കോൺഗ്രസ് ചെയർമാൻ സ്‌കറിയ തോമസ്, എം.എൽ.എമാരായ അഡ്വ. കെ. സുരേഷ്‌കുറുപ്പ്, സി.കെ ആശ, എൽ.ഡി.എഫ് നേതാക്കളായ അഡ്വ. പി.കെ. ഹരികുമാർ, കെ.എം രാധാകൃഷ്‌ണൻ, അഡ്വ. വി.ബി ബിനു, അഡ്വ. ബിജിലി ജോസഫ്, സാബു മുരിക്കവേലി, വക്കച്ചൻ മറ്റത്തിൽ, പി.കെ ആനന്ദക്കുട്ടൻ, മാണി സി. കാപ്പൻ, ടി.വി ബേബി, പ്രൊഫ. എം.ടി കുര്യൻ, സജി നൈനാൻ, സണ്ണി തോമസ്, പി.എം. മാത്യു, എം.എം. സുലൈമാൻ, എം ജെ വർക്കി മറ്റത്തിൽ, ടി ആർ രഘുനാഥൻ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജും യു ട്യൂബ് ചാനലും വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്‌തു. പാർലമെന്റ് മണ്ഡലം ഭാരവാഹികളുടെ പട്ടിക സി.പി.എം ആക്‌ടിംഗ് ജില്ലാ സെക്രട്ടറി എ.വി റസൽ പ്രഖ്യാപിച്ചു.