വള്ളിച്ചിറ: വിസ്മയക്കാഴ്ചയൊരുക്കി പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ദേശവിളക്ക് തെളിഞ്ഞു. നാലാം ഉത്സവദിവസമായ ഇന്നലെ വൈകിട്ട് ഏഴിനാണ് ക്ഷേത്രം മേൽശാന്തി എം.എസ്. അനീഷ് ദേശവിളക്കിന് ആദ്യദീപം തെളിച്ചത്. തുടർന്ന് മുന്നൂറോളം പേർ ചേർന്ന് പതിനായിരക്കണക്കിനായ മൺചിരാതുകളിലേക്ക് ദീപംപകർന്നു. പ്രത്യേകം പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പടുകൂറ്റൻ ദീപസ്തംഭത്തിലെ മുഴുവൻ വിളക്കുകളും തെളിച്ചതോടെ പിഷാരുകോവിൽ ക്ഷേത്രമൈതാനം അക്ഷരാർത്ഥത്തിൽ വർണങ്ങളുടെ പൂരപ്പറമ്പായി മാറി. തിരുമറയൂർ രാജേഷും മുപ്പതിൽപ്പരം കലാകാര•ാരും ചേർന്നവതരിപ്പിച്ച പാണ്ടിമേളവും ആസ്വാദകർക്ക് ഹരമേകി. ഉത്സവ സമാപനദിവസമായ ഇന്ന് താമരക്കുളം ജംഗ്ഷനിൽനിന്ന് വൈകിട്ട് താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കും. ഇന്നു രാവിലെ 10ന് കാഴ്ചശ്രീബലിയും തുടർന്ന് 3.30ന് താമരക്കുളം ആറാട്ടുകടവിലേയ്ക്ക് എഴുന്നള്ളത്തുമുണ്ടായിരിക്കും. വൈകിട്ട് 4ന് താമരക്കുളം ജംഗ്ഷനിൽ നടക്കുന്ന സമൂഹപ്പറയ്ക്കുശേഷം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും.