pj-joseph

കോട്ടയം: കെ.എം. മാണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കോട്ടയത്ത് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ പി.ജെ. ജോസഫിന്റെ രാഷ്ട്രീയ ചുവടുവയ്പ് പാളുന്നു. ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) പിളർന്നിട്ടില്ലെങ്കിലും ഒത്തുചേരാനാവാത്ത വിധം മാണി -ജോസഫ് ഗ്രൂപ്പുകൾ അകന്നു. കോട്ടയം സീറ്റിൽ ഇനി ആരു വിചാരിച്ചാലും സ്ഥാനാർത്ഥി മാറ്റമുണ്ടാകില്ലെന്ന് ജോസ് കെ. മാണി ഇന്നലെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് നേതാക്കളുടെ ഇനിയുള്ള ഇടപെടലും ഫലം കാണില്ലെന്നുറപ്പായി.

തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ ജോസഫിനെയും മാണിയെയും പിണക്കുന്നത് മദ്ധ്യകേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ന്യൂട്രൽ കളിയാണ് കോൺഗ്രസ് നടത്തുന്നത്.

ജോസഫിന് എം.എൽ.എ സ്ഥാനം രാജിവച്ച് ഇടുക്കിയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാം. ഉപതിരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പ് വിട്ടു കൊടുക്കില്ല. അതിനാൽ ജോസഫിനെ പിന്തുണയ്ക്കുന്നത് കൊണ്ട് കോൺഗ്രസിന് ഒരു നേട്ടവും ഉണ്ടാകില്ലെന്നു മാത്രമല്ല ജനപിന്തുണ ഏറെയുള്ള മാണി ഗ്രൂപ്പുമായുള്ള നീരസവും വർദ്ധിക്കും. ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കിയതിനാൽ യു.ഡി.എഫ് വിട്ട് വന്നാലും ജോസഫിന് സീറ്റ് നൽകാനില്ല. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇടതു ബാന്ധവ സാദ്ധ്യത തെളിയൂ. പ്രത്യേക ബ്ലോക്കായി ജോസഫ് യു.ഡി.എഫിൽ തുടരുന്നതിനോട് മാണി ഗ്രൂപ്പിന് താത്പര്യമില്ല.