water-tank

വൈക്കം: വേനൽ കടുത്ത് കുടിവെള്ളത്തിനായി വൈക്കം നിവാസികൾ നെട്ടോട്ടം ഓടുമ്പോൾ വാട്ടർ അതോറിറ്റിയുടെ നഗരത്തിലെ ജലസംഭരണി ശോചനീയവസ്ഥയിൽ തുടരുകയാണ്. പുതിയ ജലസംഭരണി വേണമെന്ന ആവശ്യം ശക്തമാകുന്നു. വൈക്കം സബ്ബ് ഡിവിഷൻ ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന ജലസംഭരണിയാണ് കാലപഴക്കാത്താൽ ജീർണ്ണിച്ച് തൂണുകൾ ക്ഷയിച്ചും മേൽത്തട്ടിലെ കോൺക്രീറ്റ് അടർന്നും തകർന്ന് തുടങ്ങിയത്. 40 വർഷം മുൻപ് സ്ഥാപിച്ച സംഭരണിക്ക് രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയാണുള്ളത്. വൈക്കം നഗരത്തിലെ മിക്ക പ്രദേശങ്ങളും കുടിവെള്ളത്തിനായി പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ജല അതോറിറ്റി വൈക്കം സെക്ഷന് കീഴിലെ തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി.പുരം, മറവൻതുരുത്ത്, തലയാഴം, വെച്ചൂർ എന്നിവിടങ്ങളിലെല്ലാം കൂടുതൽ സംഭരണശേഷിയുള്ള പുതിയ ടാങ്കുകൾ നിർമ്മിച്ചിട്ടും വൈക്കത്ത് ശോചനീയവസ്ഥയിലുള്ള പഴയ ടാങ്ക് ആണ് ഉപയോഗിക്കുന്നത്. അപകടാവസ്ഥയിലുള്ള ടാങ്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നാൽ വൈക്കം നഗരസഭാ അതിർത്തിയിലും ജലവിതരണം മുടങ്ങും.

വാട്ടർ അതോറിറ്റി വൈക്കം വാട്ടർ സപ്ലൈ പ്രൊജക്ട് സബ്ബ് ഡിവിഷൻ ഓഫീസ് കോംപൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന അപകടനിലയിലായ വാട്ടർ ടാങ്കിനു പകരം പുതിയ വാട്ടർ ടാങ്ക് നിർമ്മിയ്ക്കണമെന്ന് താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപക്സ് കൗൺസിൽ ട്രാക്ക് ആവശ്യപ്പെട്ടു.