കോട്ടയം: തിരഞ്ഞെടുപ്പിൽ ഫ്ളക്സ് ബോർഡുകൾക്ക് നിരോധനമേർപ്പെടുത്തിയതോടെ മനസിൽ ലഡു പൊട്ടിയത് ചുവരെഴുത്തുകാർക്കാണ്. ഫ്ളക്സ് വന്നതോടെ പണി ഉപേക്ഷിച്ച് പുതിയ മേഖല തേടിപ്പോയ ചുവരെഴുത്തു കലാകാരൻമാർക്ക് പ്രതാപകാലം തിരിച്ചുവന്നിരിക്കുന്നു.

എന്നാൽ ചുവരെഴുത്തുകാരെ അധികം കിട്ടാനില്ലെന്നതാണ് സ്ഥിതി. അക്ഷരത്തെറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുമെന്നതിനാൽ ബംഗാളികളെയൊന്നും ഏൽപ്പിക്കാനുമാവില്ല. ഫ്ളക്സിന്റെ വരവോടെ ചുവരെഴുത്താർ പലരും മേഖലവിട്ടു. ചിലർ ചിത്രകലാ അദ്ധ്യാപകരായി. മറ്റു ചിലരാവട്ടെ പെയിന്റിംഗ് ജോലിക്കും മറ്റും പോയി. വീടുകൾ കരാറെടുത്ത് പെയിന്റ് ചെയ്യുന്നവരാണ് ഏറെയും. നാട്ടിലുള്ള സകല ചുവരെഴുത്തുകാരെയും തപ്പിയിറങ്ങിയിരിക്കുകയാണ് പാർട്ടിക്കാർ.

 മെച്ചം എൽ.ഡി.എഫിന്

കലാ സംഘടനകളും കലാകാരൻമാരും മറ്റുമുന്നണികളേക്കാൾ കൂടുതലുള്ളത് എൽ.ഡി.എഫിനാണ്. എന്നാൽ അതുകൊണ്ടും ഒന്നുമാകില്ലെന്നാണ് നേതാക്കൻമാർ പറയുന്നത്. മറ്റ് മുന്നണികളെപ്പോലെ എഴുത്തുകാരെ തേടിയുള്ള നടപ്പാണ്. കാർഡ് ബോർഡിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വെട്ടിയെടുത്ത് അതിന് മുകളിൽ എഴുതുന്ന സൂത്രവിദ്യക്കാരുമുണ്ട്.

 പൊതുമതിൽ പറ്റില്ല

പൊതു മതിലുകളിൽ എഴുത്ത് നടക്കില്ല.സ്വകാര്യ മതിൽ കിട്ടണമെങ്കിൽ കാശ് കൊടുക്കണം. കണ്ണായ സ്ഥലമാണെങ്കിൽ ഡിമാൻഡ് കൂടും. മതിൽ കഴുകി വൃത്തിയാക്കണം. വെള്ളയടിച്ച് പാകപ്പെടുത്തണം. എന്നിട്ടുവേണം എഴുത്ത്. മുൻപ് ഒരു ദിവസം 1300 രൂപയായിരുന്നു കൂലിയെങ്കിൽ ഇപ്പോൾ ഒരു മതിലിന് മിനിമം 800 എന്നായി. മൂന്ന് മണിക്കൂർ കൊണ്ട് ഒരു മതിൽ പൂർത്തിയാക്കാം. അക്ഷരത്തെറ്റ് മാനക്കേടാകുമെന്നതിനാൽ ചുവരെഴുത്ത് തീരും വരെ നോക്കാൻ വേറെയാളെ ചുമതലപ്പെടുത്തുകയും വേണം.