തലയോലപ്പറമ്പ് : പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തിൽ തീർത്ത പുൽത്തകിടിയും മറ്റും നശിപ്പിച്ച് സ്വകാര്യവ്യക്തി അനധികൃതമായി കയ്യേറി നിർമ്മിച്ച മുറി ഒടുവിൽ പൊളിച്ചുനീക്കി. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വാടകയ്ക്ക് മുറിയെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പുറത്തേക്ക് അനധികൃതമായി മറ്റൊരു മുറി കെട്ടി കയ്യേറിയത്. പുൽത്തകിടി ഉൾപ്പടെ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ സ്ഥലം കയ്യേറിയതോടെ ബസ് സ്റ്റാന്റിന്റെ ശോഭയും നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ 18ന് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ സ്ഥാപന ഉടമകളോട് നിർമ്മാണം പൊളിച്ചുനീക്കാൻ നിർദ്ദേശം നൽകിയത്.