കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്ന ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവനൊപ്പമെത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും കുതിപ്പ് തുടങ്ങി. ചുവരെഴുത്തുകൾ വ്യാപകമാക്കി. പോസ്റ്ററും മറ്റും അടുത്ത ദിവസമെത്തും.
' പി.ജെ.ജോസഫ് ഇടഞ്ഞു നിൽക്കുന്നത് ബാധിക്കില്ല.ചെന്നിടത്തെല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്. 20 വർഷം ജനപ്രതിനിധിയെന്ന നിലയിൽ സാധാരണ ജനങ്ങൾക്കൊപ്പം നിന്നതിനാൽ ജനങ്ങൾക്കറിയാം. രാഷ്ടീയത്തിനതീതമായി നിരവധി വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ കൊണ്ടു വരാനായി.തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. സി,പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും മുൻ എം.പി പി.സി.തോമസും എതിരാളികളായതോടെ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന പ്രചാരണമുണ്ടെങ്കിലും ഭയക്കുന്നില്ല . യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് ഒന്നേകാൽ ലക്ഷത്തോളം വോട്ടിനാണ് ജോസ് കെ. മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ജോസ് കെ മാണി ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടായി മാറി വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 'ചാഴികാടൻ അവകാശപ്പെട്ടു.
തിങ്കളാഴ്ച രാത്രി വൈകി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന് പിറകേ മണ്ഡലത്തിൽ ഓട്ട പ്രദക്ഷിണം തുടങ്ങിയതാണ് ചാഴികാടൻ . പുലർച്ചെ പള്ളിയിലെത്തി പ്രാർത്ഥനയ്ക്കു ശേഷം വൈദികരെ കണ്ട് അനുഗ്രഹം വാങ്ങി. പാലായിൽ കെ.എം.മാണിയുടെ വീട്ടിലെത്തി ചർച്ച നടത്തി. കോട്ടയം ഡി.സി.സിയിലെത്തി പ്രസിഡന്റ് ജോഷി ഫിലിപ്പിനെയും പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും കണ്ട് സഹായമഭ്യർത്ഥിച്ചു. സ്ഥാപനങ്ങളും കടകളും കയറിയിറങ്ങിയ ചാഴികാടൻ ഇന്നലെ ഇടതു ശക്തി കേന്ദ്രങ്ങളായ കുമരകം, വൈക്കം പ്രദേശത്ത് പ്രമുഖ വ്യക്തികളെകണ്ട് വോട്ട് അഭ്യത്ഥിച്ചു. കോട്ടയം ചന്തക്കവലയിലെ കടകൾ കയറിയിറങ്ങി.
ചാഴികാടന്റെ വിജയം പ്രസ്റ്റീജായി കണക്കാക്കുന്നതിനാൽ കെ.എം.മാണിയും ജോസ് കെ മാണിയും മുൻ കൈയെടുത്തുള്ള പ്രവർത്തനങ്ങളും തുടങ്ങി. മാണി പാലായിലെ വീട്ടിലിരുന്ന് നേതാക്കളും പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്വസ്വലമാക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. വോട്ടർ പട്ടികയിൽ വിട്ടുപോയവരുടെ പേരുകൾ ഇനിയും ചേർക്കാനും ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കാനും മാണി പ്രവർത്തകർക്കു നിർദ്ദേശം നൽകിയപ്പോൾ ജോസ് കെ. മാണി കോട്ടയം ഡി.സി.സി യിലെത്തി കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തി. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ അടുത്ത ദിവസമെത്തും.