prathi

അയ്മനം: അയ്മനത്ത് പാചകവാതക സബ്സിഡിയുടെ പേരിൽ വൃദ്ധയെ കബളിപ്പിച്ച് രണ്ടര പവന്റെ മാല കവർന്ന സംഭവത്തിൽ പ്രധാന പ്രതി കായകുളം കൃഷ്ണപുരം പല്ളിക്കോണം രണ്ടാംകുറ്റിഭാഗത്ത് കുന്നത്ത് സജീർ (29) അറസ്റ്റിലായി. കായംകുളം കേന്ദ്രീകരിച്ച് പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വർണം കവരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് സജീറെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ എട്ടിനാണ് കല്ലുങ്കത്ര വട്ടക്കാട്ട് ജാനകിയുടെ മാല പ്രതികൾ കവർന്നത്. പാചക വാതക സബ്സിഡിയുടെ കാര്യം പറഞ്ഞ് ജാനകിയുടെ വിശ്വാസം നേടിയ സജീറും കൂട്ടാളിയും മാല വാങ്ങി മുങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.

പത്തനംതിട്ട പുളിക്കീഴ് ഭാഗത്ത് നിന്ന് രണ്ടു പവന്റെ സ്വർണ മാലയും ആലപ്പുഴ വെണ്മണി ഭാഗത്ത് നിന്ന് രണ്ടു പവന്റെ സ്വർണ വളയും കവർച്ച ചെയ്തത് ഉൾപ്പടെ പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു .പെൺകുട്ടിയെ പീഡിപ്പിച്ചതിന് കായകുളത്തും, നാലു കിലോ കഞ്ചാവുമായി പിടിയിലായതിന് മരട് സ്റ്റേഷനിലും സജീറിനെതിരെ കേസുണ്ട്.