കോട്ടയം: വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് നഗരവാസികൾ കുടിവെള്ളത്തിനായി വലയുകയാണ്. എന്നാൽ ചന്തക്കടവിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവാൻ തുടങ്ങി രണ്ട് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ നടപടിയൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതു മൂലം ചന്തക്കടവിലെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളുൾപ്പെടെയുള്ളവർ കുടിക്കാനായി വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് ഉള്ളത്.

പലരും കുടിവെള്ളം സ്വകാര്യ വ്യക്തികളിൽ നിന്നും വില കൊടുത്ത് വാങ്ങുന്ന സമയത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് ജലക്ഷാമം ഉണ്ടാക്കുകയും ഒപ്പം കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാഴാകുന്ന വെള്ളം റോഡിൽ നിന്നും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്ക് ഒഴുകിയെത്തുന്നത് ചെളിക്കും കാരണമാകുന്നുണ്ട്.