rotary-club

തലയോലപ്പറമ്പ് : വിധവയും രോഗിണിയുമായ തലയോലപ്പറമ്പ് കാക്കനാട്ട് പരേതനായ ശശീന്ദ്രന്റെ ഭാര്യ പുഷ്പയ്ക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നാളെ രവിലെ 10ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ.ലൂക്ക് നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഇന്റർനാഷണലിന്റെ ''സ്നേഹവീട്'' പദ്ധതിയിൽപ്പെടുത്തി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് 5 ലക്ഷം രൂപ മുടക്കിയാണ് പുതിയ വീട് പണിതുകൊടുക്കുന്നത്. പുഷ്പയുടെ ഭർത്താവ് ശശീന്ദ്രൻ ന്യൂറോസംബന്ധമായ അസുഖങ്ങൾ മൂലം മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഓട്ടോഡ്രൈവറായ ഏക മകനും പിതാവിന്റെ തന്നെ അസുഖം ബാധിച്ചതിനാൽ ഓട്ടോറിക്ഷ ഓടിക്കുവാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ സമയത്ത് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് പുഷ്പയ്ക്കും മകനും വീടുവച്ച് നൽകുകയായിരുന്നു. സ്നേഹവീട് ജില്ലാ ചെയർമാൻ കെ.ബാബുമോൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, അസിസ്റ്റന്റ് ഗവർണർ സുരേഷ്.സി.കാട്ടുമന, ക്ലബ്ബ് സെക്രട്ടറി ടി.ആർ.സന്തോഷ്, റോട്ടറി അംഗങ്ങളായ ഷിജോ.പി.എസ്, ലാലു ജോസഫ്, കണ്ണൻ രാജേഷ്, ഡോ.രാജ്കുമാർ, ഗംഗാധരൻ നായർ, പത്മ ഉദയൻ, സവിത സന്തോഷ്, ഗിരീഷ്കുമാർ, ജസ്റ്റിൻ ജോർജ്ജ്, വിത്സൻ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.