പാലാ: ഹൈവേയിൽ രാത്രി മാലിന്യം തള്ളുന്നവരെ പിടികൂടാൻ കിടങ്ങൂർ പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച സി.സി.ടിവി കാമറകളെ നോക്കുകുത്തിയാക്കി കഴിഞ്ഞ ദിവസവും റോഡ് വക്കിൽ കക്കൂസ് മാലിന്യം തള്ളി. ബൈപ്പാസിൽ ഒഴുകയിൽപ്പടി ഭാഗത്താണ് കഴിഞ്ഞ രാത്രി വൻ തോതിൽ കക്കൂസ് മാലിന്യം തള്ളിയത്. ഒരാഴ്ച മുമ്പും ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. കനത്ത ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാരും യാത്രക്കാരും അന്ന് പാലാ ഫയർ ഫോഴ്സിന്റെയും, കിടങ്ങൂർ പോലീസിന്റേയും സഹായത്തോടെയാണിത് കഴുകി വൃത്തിയാക്കിയത്. ഇതേ സ്ഥലത്താണ് വീണ്ടും സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്.

കഴിഞ്ഞ ഒരു വർഷമായി കിടങ്ങൂരിൽ ഹൈവേയുടെ പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കിടങ്ങൂർ പഞ്ചായത്ത് അധികാരികൾ ടൗണിലെ വിവിധ ഭാഗങ്ങളിലായി സി.സി.ടിവി കാമറകൾ സ്ഥാപിച്ചത്. ഒന്നര ലക്ഷത്തോളം രൂപാ മുടക്കി സ്ഥാപിച്ച കാമറകളുടെ മോണിട്ടർ പഞ്ചായത്ത് ഓഫീസിലാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇത് ദൈനം ദിനം വീക്ഷിക്കാനോ, തുടർ നടപടി സ്വീകരിക്കാനോ പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണാക്ഷേപം. ഇതാകട്ടെ മാലിന്യം തള്ളൽ പതിവാക്കിയ സാമൂഹ്യ വിരുദ്ധർക്ക് തുണയാവുകയുമാണ്. കിടങ്ങൂർ പോലീസ് സ്റ്റേഷനിലും ഈ ക്യാമറകളുടെ ഒരു മോണിറ്റർ ഘടിപ്പിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അത് നടപ്പായുമില്ല.

 14 കാമറകൾ ; പ്രവർത്തിക്കുന്നത് 9 എണ്ണം മാത്രം !

കിടങ്ങൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി 14 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പെ ഓരോരോ കാമറകൾ പണിമുടക്കിത്തുടങ്ങി. ഇപ്പോൾ 9 കാമറകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യൂ 'കേരള കൗമുദി'യോടു പറഞ്ഞു.

ഇതേ സമയം ബാക്കിയുള്ള 9 കാമറകളിൽ രണ്ടെണ്ണം കൂടി കഴിഞ്ഞ ദിവസം മുതൽ തകരാർ കാണിച്ചു തുടങ്ങിയതായി ഇതുമായി ബന്ധപ്പെട്ട ജീവനക്കാർ പറയുന്നു. പല കാമറകളും ഓണാക്കുമ്പോൾ മോണിട്ടറിൽ 'നോ ഡേറ്റാ'യാണ് കാണിക്കുന്നതത്രേ.

 5 മണി കഴിഞ്ഞാൽ കാമറകൾ 'ഓഫ്'

പ്രവർത്തിക്കുന്ന 9 കാമറകളും ദിവസവും വൈകിട്ട് 5ന് ഓഫ് ചെയ്യുമെന്ന് പഞ്ചായത്ത് ജീവനക്കാർ പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിയോടെ ഓണാക്കും. ഞായറാഴ്ചകളിലും ' മറ്റ് അവധി ദിനങ്ങളിലും സി.സി.ടിവി. കാമറകൾക്കും ഓഫ് !!

രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ഥാപിച്ച കാമറ, വൈകിട്ട് ഓഫ് ആക്കിയാൽ പിന്നെന്ത് പ്രയോജനമെന്ന് ചോദിച്ചാൽ അധികാരികൾക്ക്‌ ഉത്തരമില്ല. എന്നാൽ കാമറകളുടെ കംപ്യൂട്ടർ യു.പി.എസിന് ശേഷി കുറവാണെന്നും, അതുമൂലം ദൃശ്യങ്ങൾ കട്ടായി പോകാറുണ്ടെന്നും അതിനാലാണ് രാത്രി സമയം കാമറകൾ ഓഫാക്കുന്നതെന്നുമാണ് ജീവനക്കാരുടെ വാദം.