വിശ്രമവേളകളിൽ ചൂടേറിയ തിരഞ്ഞെടുപ്പ് ചർച്ചകൾക്കാണ് ഓട്ടോറിക്ഷ - ടാക്സി സ്റ്റാൻഡുകൾ സാക്ഷ്യം വഹിക്കുന്നത്. ചിലപ്പോൾ വാഗ്വാദങ്ങളിലേക്ക് വരെ കാര്യങ്ങളെത്തുമെങ്കിലും പരിധിവിടാറില്ല. കോട്ടയത്തെ ഓട്ടോ-ടാക്സി തൊഴിലാളികളുടെ ചർച്ചകളിലൂടെ ഒന്ന് കണ്ണോടിക്കാം. എതിർ സ്ഥാനാർത്ഥികൾ എത്ര കരുത്തരാണെങ്കിലും കോട്ടയം യു.ഡി.എഫിനുള്ളതാണെന്ന് പറഞ്ഞ്
ടാക്സി ഡ്രൈവറായ കുഞ്ഞുമോനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ജി.എസ്.ടിയും നോട്ട് നിരോധനവുമെല്ലാം സാധാരണക്കാരെ ദുരിതത്തിലാക്കി. വിദേശയാത്രക്കാരനായ ഒരു പ്രധാനമന്ത്രിയാണ് കഴിഞ്ഞ അഞ്ച് കൊല്ലം ഭരിച്ചത്. ജനങ്ങൾക്ക് ഒരു ഗുണവുമില്ലാത്ത ഭരണമായിരുന്നു. ഒരു കാര്യം ഉറപ്പാണ് ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കൂടി അദ്ദേഹം പറഞ്ഞുവച്ചു. ഒട്ടോറിക്ഷാ ഡ്രൈവറായ സാബുവിനും കേന്ദ്രസർക്കാരിന്റെ കാര്യത്തിൽ സമാന അഭിപ്രായമായിരുന്നെങ്കിലും സംസ്ഥാനസർക്കാരിനെ വാനോളം പുകഴ്ത്താൻ മറന്നില്ല. കോട്ടയം വാസവനുള്ളതാണ്. ജനകീയനാണദ്ദേഹം. സർക്കാരിന്റെ പ്രളയരക്ഷാപ്രവർത്തനം മാതൃകയാണ്. കോൺഗ്രസ് ഭരിച്ചപ്പോൾ രാജ്യം മുഴുപ്പട്ടിണിയിലായിരുന്നു. ബി.ജെ.പി വന്നതോടെ പട്ടിണിക്ക് മേൽ വീണ്ടും പട്ടിണിയായെന്നും അദ്ദേഹം തൊടുത്തുവിട്ടു.
യുവാക്കളെ രംഗത്തിറക്കണം
പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ ഗതികേടിലാക്കി. കോട്ടയത്ത് വികസനമുരടിപ്പാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളെ സ്ഥാനാർത്ഥിയാക്കണം. കേന്ദ്രത്തിൽ അവിയൽ പരുവത്തിലുള്ള മുന്നണി ആയിരിക്കും അധികാരത്തിൽ വരിക.
ബേബി , ടാക്സി ഡ്രൈവർ
ആരു ഭരിച്ചിട്ടും കാര്യമില്ല
കോൺഗ്രസ് വർദ്ധിപ്പിച്ച പെട്രോൾ വില മോദി സർക്കാർ വീണ്ടും കൂട്ടുകയാണ് ചെയ്തത്. അല്ലാതെ പെട്രോളിന്റെ വില ആദ്യമായി കൂട്ടിയത് മോദിയല്ല. വിലക്കയറ്റമില്ലാത്ത എന്താണുള്ളത്. ആരു ഭരിച്ചാലും സാധാരണക്കാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
റോയി, ടാക്സി ഡ്രൈവർ
" കോട്ടയത്ത് വി.എൻ വാസവൻ വൻഭൂരിപക്ഷത്തോടെ ജയിക്കും. ഇടതുപക്ഷവും ബി.ജെ.പിയും എന്തായാലും കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല. ബി.ജെ.പി ഇന്ത്യയെ നശിപ്പിച്ചു. "
സോമൻ, ഒാട്ടോറിക്ഷാ ഡ്രൈവർ
എന്തിന് വോട്ട് ചെയ്യണം ?
ജീവിതത്തിൽ ഇതുവരെ ഒരു തവണയാണ് വോട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പാകുമ്പോൾ കൈകൂപ്പി സ്ഥാനാർത്ഥികളെത്തും. ജയിച്ച് കഴിഞ്ഞാൽ ഇവരുടെ പൊടിപോലും കാണില്ല. പിന്നെ എന്തിനാണ് വോട്ട് ചെയ്യുന്നത്
കൃഷ്ണൻകുട്ടി, ടാക്സി ഡ്രൈവർ