കോട്ടയം:കെ.എം.മാണി വെട്ടിയ പി.ജെ.ജോസഫിനെ യു.ഡി.എഫ് പൊതു സ്വതന്ത്രനായി ഇടുക്കിയിൽ മത്സരിപ്പിച്ചാൽ മുന്നണിയിലെ പ്രതിസന്ധി തൽക്കാലം ഒഴിവാകും. ജോസഫിനെ രാഷ്ടീയ വനവാസത്തിന് അയയ്ക്കാതെ കോൺഗ്രസ് നേതാക്കൾ കൈകൊടുത്ത് ഉയർത്തുന്നത് മാണിക്കും ജോസ് കെ. മാണിക്കും ക്ഷീണമാകുമെങ്കിലും കോട്ടയത്തെ ചൊല്ലിയുള്ള തർക്കത്തിൽ നിന്ന് മാണിഗ്രൂപ്പിന് തടിയൂരാം.
കോട്ടയം സീറ്റ് ആര് പറഞ്ഞാലും വിട്ടു കൊടുക്കില്ല. ജോസഫിന് ഇടുക്കി കൊടുത്ത് പ്രശ്നം പരിഹരിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു മാണിയുടെ വിശ്വസ്തനായ റോഷി അഗസ്റ്റിൻ എം.എൽ.എ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ജോസഫിന് ഇടുക്കി കിട്ടാൻ സാദ്ധ്യതയില്ലെന്ന മട്ടിലുള്ള പറച്ചിലായിയിരുന്നെങ്കിലും മാണി ഗ്രൂപ്പിന്റെ മൗനസമ്മതം പോലെയാണ് അത് ഭവിച്ചത്.
പ്രചാരണം ശക്തമാക്കിയ തോമസ് ചാഴികാടനെ പിൻവലിച്ചാൽ ക്നാനായ കത്തോലിക്ക വിഭാഗം തിരിയും. അത് മദ്ധ്യ കേരളത്തിൽ കോൺഗ്രസിന്റെ പല സ്ഥാനാർത്ഥികളുടെയും ജയസാദ്ധ്യതയെ വരെ ബാധിക്കാം. അതുകൊണ്ടു തന്നെ ജോസഫ് ആഗ്രഹിച്ചാലും കോൺഗ്രസ് മാണിയുമായി ആ ചർച്ചയ്‌ക്കു തയ്യാറല്ല. ചാഴികാടനെ ആരു പറഞ്ഞാലും മാറ്റില്ലെന്ന് മാണി ഗ്രൂപ്പ് വ്യക്തമാക്കിയതോടെ കോട്ടയത്ത് ജോസഫ് മത്സരിക്കുക എന്നത് അടഞ്ഞ അദ്ധ്യായമായി.
കോട്ടയത്ത് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തോറ്റാൽ തന്നെ കുറ്റപ്പെടുത്തരുതെന്ന് വരെ ജോസഫ് പറഞ്ഞുവച്ചിരുന്നു. മനസ്സാക്ഷി സൂക്ഷിപ്പുകാരനായ മോൻസ് ജോസഫിനെക്കൊണ്ട് ജോസഫ് ഇന്നലെ അതു തിരുത്തിച്ചു. ജോസഫ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആണയിട്ട മോൻസ് ജോസഫ് കോട്ടയത്തെ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായ ചാഴികാടനെ മാറ്റേണ്ടതില്ലെന്നും പറഞ്ഞു.
ജോസഫിനും മോൻസ് ജോസഫിനുമെതിരെ അച്ചടക്ക നടപടിക്ക് മാണി ഗ്രൂപ്പ് ആലോചിക്കുമ്പോഴായിരുന്നു ഈ മാറ്റം. കോട്ടയത്ത് ചാഴികാടന് വേണ്ടി പ്രചാരണത്തിന് ജോസഫ് ഇറങ്ങുമെന്നും മോൻസ് പറഞ്ഞതോടെ മഞ്ഞുരുകി.