waste

കോട്ടയം: പട്ടാപ്പകൽ റോഡരികിൽ മാലിന്യം തള്ളിയ രണ്ട് ടിപ്പർ ലോറികൾ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. പരുത്തുംപാറ കുഴിമറ്റം പള്ളിക്കടവിലാണ് ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ നാട്ടുകാരുടെ കൺമുന്നിൽ മാലിന്യം തള്ളിയത്. ഇതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗം എബിസൺ കെ.എബ്രഹാമിനെ അറിയിച്ചു. തുടർന്ന് എബിസണും, പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാറും, അംഗങ്ങളായ റോയി മാത്യുവും, സുപ്രിയ സന്തോഷും സ്ഥലത്ത് എത്തി. ഇവർ വിവരം അറിയിച്ചത് അനുസരിച്ച് ചിങ്ങവനം പൊലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു. മാമ്മൂട്ടിലെ ഒരു ഫാക്‌ടറിയിൽ നിന്നുള്ള റബർ മാലിന്യങ്ങളാണ് റോഡരികിൽ തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ടിപ്പർ ലോറികളിലും സമാന രീതിയിലുള്ള മാലിന്യം തന്നെയാണ് നിറച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ആളുകളാണ് ഈ പ്രദേശത്ത് മാലിന്യം തള്ളാൻ എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപ് കാട് പിടിച്ചു കിടന്നിരുന്ന പ്രദേശം മീനച്ചിലാർ മീനന്തറയാർ നദീസംയോജന പദ്ധതി പ്രകാരമാണ് വൃത്തിയാക്കിയത്. നാട്ടുകാരിൽ നിന്നും പണം പിരിച്ചാണ് ഈ സ്ഥലം വൃത്തിയാക്കിയത്. എന്നാൽ, ഇവിടെ വീണ്ടും സാമുഹ്യ വിരുദ്ധ സംഘം മാലിന്യങ്ങൾ തള്ളുകയാണ്. ഇതേ തുടർന്ന് പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.