കാഞ്ഞിരപ്പള്ളി: ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചിറ്റാർപുഴയുടെ കൈത്തോടായ പൊൻമലത്തോടിന്റെ നവീകരണത്തിന് തുടക്കമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആനക്കൽഡിവിഷൻ മെമ്പറുമായ ജോളി മടുക്കക്കുഴിയുടെ നേതൃത്വത്തിലാണ് പുഴ പുനരുജ്ജീവനം പദ്ധതി നടപ്പിലാക്കുന്നത്. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് വീതി കുറഞ്ഞ് നീരൊഴുക്ക് നിലച്ച് നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ സംരക്ഷിച്ച് മുൻകാല പ്രൗഡിയിലെത്തിക്കുകയാണ് ലക്ഷ്യം. മാലിന്യങ്ങളും മണ്ണും നീക്കി തോടിന്റെ ആഴവും വീതിയും കൂട്ടി സുഗമമായ നീരൊഴുക്കിന് വഴിയൊരുക്കുമെന്ന് തോട് നവീകരണസമിതിയുടെ ചെയർമാൻ ജോളി മടുക്കക്കുഴി പറഞ്ഞു. ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി നിർമിക്കുന്ന ചെക്ക് ഡാമിനോടനുബന്ധിച്ചാണ് ഈ നവീകരണ പദ്ധതി പുരോഗമിക്കുന്നത്. ഹരിതകേരളം മിഷന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകൾ ജല സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും തുക വകയിരുത്തി. വരുന്ന സാമ്പത്തിക വർഷത്തിലും ബ്ലോക്ക് പഞ്ചായത്തിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷത്തോളം രൂപ ജല സ്രോതസ്സിൻറെ നവീകരണത്തിനും സംരക്ഷണത്തിനുമായി മാറ്റി വെച്ചിട്ടുണ്ട് . നാമമാത്രമായി ചുരുങ്ങിയ തോട് 12 മീറ്റർ വീതിയിലും 200 മീറ്ററോളം നീളത്തിലുമാണ് നവീകരിക്കുന്നത്. തോട് സംരക്ഷണ സമിതി അംഗങ്ങളായ ഷിബിലി,നൗഷാദ്,റീയാസ് ഷാജി,റസിലി എന്നിവരോടൊപ്പം ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ അൻഷാദ് ഇസ്മായിൽ ,വിപിൻ രാജു
എന്നിവരും പദ്ധതിയുടെ നേതൃനിരയിലുണ്ട്.