കോട്ടയം: പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനാക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കത്തിന് ഒരു ദിസത്തെ ആയുസ്സ് മാത്രമായപ്പോൾ ചിരിക്കുന്നത് മാണി ഗ്രൂപ്പ് നേതൃത്വം.
ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എം.മാണിയുമായി കോൺഗ്രസ് ഉന്നത നേതാക്കൾ ചർച്ച നടത്തിയെങ്കിലും രണ്ടില ചിഹ്നത്തിലല്ലാതെ സ്വതന്ത്ര ചിഹ്നത്തിൽ ജോസഫ് മത്സരിക്കുന്നതിനോട് അവർ താത്പര്യം കാണിച്ചില്ല. എം.എൽ.എ സ്ഥാനം രാജിവച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ ഒഴിവു വരുന്ന തൊടുപുഴ നിയമസഭാസീറ്റ് തങ്ങൾക്കവകാശപ്പെട്ടതാണ് എന്നായിരുന്നു മറുപടി.
കൂറുമാറ്റ നിരോധനം ചിഹ്നത്തിന്റെ കാര്യത്തിലും ബാധകമാണെന്നത് ജോസഫിന് പാരയായി. ജോസഫ് രണ്ടില ചിഹ്നത്തിൽ മത്സരിച്ചാൽ മാണി വിഭാഗത്തിന് രണ്ടു സീറ്റ് നൽകിയതു പോലെയാകും. ജോസഫിനെ സ്വതന്ത്രനാക്കി അനുനയിപ്പിക്കാൻ മദ്ധ്യസ്ഥത വഹിച്ച കുഞ്ഞാലിക്കുട്ടി അടങ്ങുന്ന ലീഗ് നേതൃത്വത്തിനും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടായി. തങ്ങൾക്ക് മൂന്നാം സീറ്റില്ലാതെ മാണി ഗ്രൂപ്പിന് രണ്ടാം സീറ്റ് കിട്ടുന്നത് ക്ഷീണമാകുമെന്ന് കണ്ടതോടെ അവരും പിൻവലിഞ്ഞു. അതോടെ ജോസഫിന് സീറ്റ് വെറുതേ മോഹിക്കാൻ മാത്രമായി യോഗം.
ജോസഫ് വാഴയ്ക്കനെ മുന്നിൽ നിറുത്തി ഐ ഗ്രൂപ്പും, ഡീൻ കുര്യാക്കാസുമായി എ വിഭാഗവും ഇടുക്കി സീറ്റിനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനിടയിലായിരുന്നു പിൻസീറ്റിലൂടെ ജോസഫിന്റെ രംഗ പ്രവേശം .ഐ വിഭാഗക്കാരനായ മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് ജോസഫിനെ സന്ദർശിച്ച് അനുനയ ചർച്ച നടത്തിയത് ഐ ഗ്രൂപ്പിന്റെ എതിർപ്പിനു മാത്രമല്ല, ഡീൻ കുര്യാക്കോസിനു വേണ്ടി വാദിച്ച ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ വരെ എതിർപ്പിനു കാരണമായതും മാറിച്ചിന്തിക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചു. ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകേണ്ട എന്ന ഹൈക്കമാൻഡ് നിർദ്ദേശവും വെല്ലുവിളിയായി. ജോസഫിന് സീറ്റു നൽകുന്നത് ഇടുക്കിയിലെ പ്രവർത്തകർക്കിടയിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് മനസിലാക്കി കോൺഗ്രസ് നേതൃത്വവും തലയൂരുകയായിരുന്നു,
ജോസഫിന് സീറ്റു നൽകിയാൽ ലീഗും അധിക സീറ്റ് ആവശ്യപ്പെടുമെന്നതിനാൽ സീറ്റ് നൽകാനാവില്ലെന്ന് ഉമ്മൻചാണ്ടിയും ജോസഫിനെ അറിയിച്ചതായാണ് സൂചന. എങ്കിലും ഇപ്പോഴും ഇടുക്കി സീറ്റ് യു.ഡി.എഫ് നേതാക്കൾ തനിക്കു തരുമെന്ന പ്രതീക്ഷയിലാണ് ജോസഫും കൂട്ടരും.