കുറിഞ്ഞി : നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പുലർത്തുന്ന അത്യപൂർവ അനുഷ്‌ഠാനമായ പുരുഷന്മാരുടെ താലം തുള്ളലിനും വലിയ പാട്ടിനും കുറിഞ്ഞിക്കാവ് വനദുർഗാ ഭഗവതീ ക്ഷേത്രമൊരുങ്ങി.

വ്രതം പാലിച്ച പുരുഷന്മാരാണ് താലം തുള്ളലിൽ പങ്കെടുക്കുന്നത്. ഒറ്റക്കാലിൽ ഒരു പ്രത്യേക താളത്തിൽ ഭക്തി പാരവശ്യത്തോടെ കയ്യിലിരിക്കുന്ന താലം തലയ്ക്ക് മുകളിൽ ഉയർത്തി മൂന്നു ചുവട് നൃത്തം ചവിട്ടുന്നതാണ് താലം തുള്ളൽ. ചെണ്ടമേളം മുറുകുന്നതിനൊപ്പം നൃത്തച്ചുവടും മുറുകും. ഇങ്ങനെ മണിക്കൂറുകൾ താലം തുള്ളി, പാണ്ടിമേളവും ചെമ്പടയും അണിയായി താലക്കാർ പാട്ടമ്പലത്തിലേക്ക് പ്രവേശിക്കും.ഇവിടെ കളം കണ്ട് തൊഴീലും കളംപാട്ടും നടത്തി, ഒടുവിൽ കളം മായ്ച്ച് പ്രസാദം വിതരണം ചെയ്യുകയും, ഭഗവതി നിവേദ്യമായ താല സദ്യ വിളമ്പുകയും ചെയ്യുന്നതോടെയാണ് താലം തുള്ളൽ അനുഷ്ഠാനവും വലിയ പാട്ടും സമാപിക്കുന്നത്.

ഇത്തവണ 19ാം തീയതിയാണ് വലിയ പാട്ടും, പുരുഷന്മാരുടെ താലം തുള്ളലും നടക്കുന്നത്. രാത്രി 7ന് ആരംഭിക്കും. 10 മണിയോടെ സമാപിക്കും. പിറ്റേന്ന് രാവിലെ 6ന് ഗണപതി ഹോമം, 10.30 ന് ഉച്ചപ്പാട്ട്, രാത്രി 7ന് പൂരം ഇടി എന്നിവയോടെ ഉത്സവ പരിപാടികൾ സമാപിക്കുമെന്ന് മുഖ്യ കാര്യദർശി രമേശ് കെ.ആർ. പറഞ്ഞു.
കളം എഴുത്തും പാട്ടും 11ന് ആരംഭിച്ചിരുന്നു. ദിവസവും രാവിലെ ഗണപതിഹോമവും, തുടർന്ന് ഉച്ചപ്പാട്ടും വൈകിട്ട് ദീപാരാധനയും കളംപാട്ടും നടന്നു വരികയാണ്.