തലയോലപ്പറമ്പ് : കാലഹരണപ്പെട്ട് എത് നിമിഷവും നിലംപൊത്താവുന്ന വൈദ്യുതി പോസ്റ്റുകൾ ഒടുവിൽ അധികൃതർ മാറ്റി സ്ഥാപിച്ചു. തലയോലപ്പറമ്പ് വൈക്കം റോഡിൽ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ചുവട് ഭാഗം ദ്റവിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയായിരുന്ന 11 കെ.വി ലൈൻ കടന്ന് പോകുന്ന ഇരുമ്പ് പോസ്റ്റാണ് ഇന്നലെ മാറ്റി സ്ഥാപിച്ചത്. പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യുത തൂണിന്റെ ചുവട് ഭാഗം ദ്റവിച്ച് വേർപെടാറായ നിലയിലായതോടെ സമീപത്തെ വ്യാപാരികളും വീട്ടുകാരും ഏറെ ഭീതിയിലായിരുന്നു. ദിനം പ്രതി നിരവധിവാഹനങ്ങളും കാൽനടയാത്രക്കാരും ചങ്കിടിപ്പോടെയാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞ 12 ന് കേരളകൗമുദിയിൽ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ഇതെ തുടർന്നാണ് അധികൃതർ ഒടിഞ്ഞ പോസ്റ്റ് മാറ്റി സ്ഥാപിച്ചത്. അപകടാവസ്ഥയിലായ മറ്റ് പോസ്റ്റുകൾ ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.