അയ്മനം: പാടത്ത് നിന്ന് കച്ചിയുമായി പോകുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ച ലോറി തോട്ടിലേയ്ക്ക് ഓടിച്ചിറക്കി ഡ്രൈവറും ക്ളീനറും രക്ഷപ്പെട്ടു. തോട്ടിൽ ഒഴുകി നടന്ന് കത്തിയ വൈക്കോൽ കെട്ടുകൾ ഫയർഫോഴ്സെത്തി അണച്ചു. കൈക്ക് പരിക്കേറ്റ ഡ്രൈവർ കാഞ്ഞിരപ്പള്ളി പള്ളത്ത് വയലിൽ അഭിലാഷിനെ (34) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ളീനർക്ക് പരിക്കില്ല. വല്യാട് ഐക്കരച്ചിറപ്പള്ളിക്ക് സമീപം ഇന്നലെ രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം.
വൈക്കോലും കയറ്റി പോകുന്നതിനിടെ താഴ്ന്ന് കിടന്ന ഇലക്ടിക് ലൈനിൽ തട്ടി കച്ചിക്ക് തീപിടിക്കുകയായിരുന്നു. വൈദ്യുത ലൈൻ കമ്പികൊണ്ട് ഉയർത്തിക്കൊടുക്കാനായി വാഹനത്തിന് മുകളിൽ ക്ളീനറുമുണ്ടായിരുന്നു. തീപടർന്നതോടെ ശബ്ദമുണ്ടാക്കി അഭിലാഷിനെ ക്ളീനർ വിവരം അറിയിച്ചു. തുടർന്നാണ് സമയോചിതമായ ഇടപെടലിലൂടെ ഇരുവരും രക്ഷപ്പെട്ടത്. ഐക്കരച്ചിറ പുത്തൻതോട്ടിലേയ്ക്ക് ഓടിച്ചിറക്കിയ ലോറിയിൽ നിന്ന് ഇരുവരും നീന്തി രക്ഷപ്പെട്ടു. വെളിച്ചം കണ്ട് ഓടിക്കൂടിയ ആളുകളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.