കോട്ടയം: ഒരു ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്നത് 70 ലക്ഷം രൂപ. പതിനായിരം രൂപ മുതലുള്ള ചെലവുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രം.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതു പറയുമ്പോൾ 'കേട്ടിട്ടുണ്ട്...കേട്ടിട്ടുണ്ട്...' എന്ന് കിലുക്കത്തിൽ ഇന്നസെന്റ് പറയുന്നതു പോലെ തലകുലുക്കി ചിരിക്കുന്നതിനൊപ്പം, രഹസ്യമായി സ്ഥാനാർത്ഥികൾ മറ്റൊന്നു കൂടി പറയും: ഓ... 70 ലക്ഷം കൊണ്ട് എന്നാ ഒണ്ടാക്കാനാ?
കണക്കിൽ പതിനായിരമേ കാണിക്കൂവെങ്കിലും ഒരു ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥിക്ക് ഒരു ലക്ഷം പോസ്റ്റർ വരെ വേണ്ടിവരുമെന്നാണ് കണക്ക്. അരഡസൻ തവണയെങ്കിലും പോസ്റ്റർ മാറും. പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തുമ്പോൾ സ്ഥാനാർത്ഥികൾക്കൊപ്പം നേതാവിന്റെ ചിത്രം കൂടി വച്ച് പുതിയ പോസ്റ്റർ ഇറക്കും.
ചിഹ്നം വച്ചുള്ള പോസ്റ്റർ വേറെ. ചെറിയ പോസ്റ്ററും വലിയ പോസ്റ്ററുമായി കണക്കെടുപ്പു പോലും അസാദ്ധ്യമെന്നു പറയാം. ഒരു പോസ്റ്ററിന് പത്തു രൂപ വരെ ചെലവാകും. ചുവരെഴുത്തും ബോർഡുകളും ബാനറും വേറെ. ഉത്സവമോ പെരുന്നാളോ നടക്കുന്ന മണ്ഡലമാണെങ്കിൽ ആശംസാ കാർഡുകൾ ഇറക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് വിഷുവും ഈസ്റ്ററും വരുന്നതുകൊണ്ട് സ്ഥാനാർത്ഥികൾക്കെല്ലാം അശംസാ കാർഡ് ഇറക്കേണ്ടിവരും .
സ്ഥാനാർത്ഥിയും സംഘവും സഞ്ചരിക്കുന്ന വാഹനം, പ്രചാരണ വാഹനങ്ങൾ, പൊതുയോഗങ്ങൾ, കൺവെൻഷനുകൾ, മൈക്കുസെറ്റ്, സോഷ്യൽ മീഡിയ വിംഗ്....ചെലവുകൾ നീളുകയാണ്.
സ്ഥാനാർത്ഥിയുടെ പ്രസ്താവന, മുന്നണിയുടെ പ്രസ്താവന, ഇതുമായുള്ള വീടു കയറ്റം. പ്രവർത്തകരുടെ ഭക്ഷണച്ചെലവ്, വെള്ളച്ചെലവ്, തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ലിപ് തയ്യാറാക്കൽ,ഇതുമായി വീണ്ടും വീടുകയറ്റം, ബൂത്ത് തയ്യാറാക്കൽ, കൊടി, തോരണം, ബൂത്തിലിരിക്കുന്നവരുടെയും പോളിംഗ് ബൂത്ത് ഏജന്റുമാരുടെയും ചെലവ്. ദിവസം ആയിരം രൂപയെങ്കിലും കൂലിയില്ലാതെ പ്രചാരണത്തിന് ബംഗാളികളെപ്പോലും കിട്ടില്ല.
പൊടിക്കുന്നത്
3 കോടി വരെ
ബോർഡെഴുത്ത്, ചുവരെഴുത്ത്, പോസ്റ്റർ ഒട്ടിക്കൽ, ജാഥയ്‌ക്ക് ആളെ കൂട്ടൽ, പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം.... തൊടുന്നതെല്ലാം ചെലവാണ്. ആകെമൊത്തം ടോട്ടൽ കുറഞ്ഞത് രണ്ടു കോടിക്കും മൂന്നു കോടിക്കുമിടയിൽ വരുമെന്നാണ് പ്രമുഖ സ്ഥാനാർത്ഥികളുടെ പ്രചാരണവിഭാഗം മാനേജർമാർ പറയുന്നത്.
പ്രമുഖ പാർട്ടി സ്ഥാനാർത്ഥികൾക്ക് കേന്ദ്രത്തിൽ നിന്ന് ഫണ്ട് വരുമെങ്കിലും കൃത്യമായി സ്ഥാനാർത്ഥികൾക്ക് കിട്ടാറില്ല. താഴേത്തട്ടിൽ പ്രവർത്തകർക്ക് ചിലവു കാശിന് രസീത്കുറ്റി കൊടുത്തിരിക്കുകയാണ്. തുടക്കം മുതൽ ഒടുക്കം വരെ പിരിവോട് പിരിവു തന്നെ.
ചെലവ് മൂന്നു കോടിയായാലും 70 ലക്ഷം രൂപയിൽ താഴെ കണക്കൊപ്പിച്ച് കമ്മിഷന് കൊടുക്കുന്നതോടെ മൊത്തം കോംപ്ലിമെന്റാക്കി എല്ലാം ശുഭപര്യാവസായിയാകും.