കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം വൈകിയാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കന്യാസ്ത്രീകൾ വീണ്ടും രംഗത്തെത്തി. കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിക്കൊപ്പം കഴിയുന്ന കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ്, ആൻസിറ്റ എന്നിവരാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് നിവേദനം നൽകിയത്. ''സാക്ഷികളായ തങ്ങൾ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും കുറ്റപത്രം വൈകുന്നതെന്തെന്ന് അറിയില്ല. എത്രനാൾ ഇങ്ങനെ പിടിച്ചുനിൽക്കാനാകും. അനുകൂലമായി തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ ''- പരാതിയിൽ പറയുന്നു.
കുറ്റപത്രം എത്രയും വേഗം സമർപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു നൽകിയെന്ന് പിന്നീട് കന്യാസ്ത്രീകൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരയായ കന്യാസ്ത്രീക്ക് മഠത്തിൽ കടുത്ത പീഡനമാണ് ഏൽക്കേണ്ടി വരുന്നത്. ആവശ്യമായ മരുന്നും ഭക്ഷണവും കൊടുക്കാത്തത് ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.