തലയോലപ്പറമ്പ് : മൂവാറ്റുപുഴയാറിന്റെ വടയാർ തീരത്തെ പുഴയോരവും തലയോലപ്പറമ്പ് - വൈക്കം റോഡിന്റെ വഴിയോരവും കയ്യേറി പെട്ടിക്കടകൾ വ്യാപകമാകുന്നു. പ്രധാന റോഡിന്റെ വഴിയരികിൽ പെട്ടിക്കടകൾ കൂണ് പോലെ മുളച്ച് പൊങ്ങിയതോടെ ഇതുവഴിയുള്ള കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വളവോട് കൂടിയ റോഡിൽ തട്ടുകടകൾ, പച്ചക്കറി മത്സ്യ പഴം സ്റ്റാളുകൾ തുടങ്ങിയവ കയ്യടക്കിയതോടെ ഇവിടേക്ക് വരുന്ന ഉപഭോക്താക്കൾ വാഹനങ്ങൾ പ്രധാന റോഡിൽ പാർക്ക് ചെയ്യുന്നത് സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങൾക്ക് പലപ്പോഴും മാർഗ തടസം സൃഷ്ടിക്കുകയാണ്. വഴിയരികിലെ അനധികൃത കയ്യേറ്റം പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. വടയാർ മുതൽ പൊട്ടൻചിറ വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി കൂണ് പോലെ ഇരുപതിൽ അധികം പെട്ടിക്കടകളാണ് ഉള്ളത്.