കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലയിൽ പര്യടനം നടത്തുന്ന വോട്ടോറിക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ തെരുവുനാടകവും. ബസേലിയസ് കോളജിലെ എൻ.എസ്.എസ് വോളന്റിയർമാരാണ് തെരുവുനാടകം അവതരിപ്പിക്കുന്നത്. വോട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും 18 വയസു തികഞ്ഞ എല്ലാവരും വോട്ട് ചെയ്യണമെന്നുമുള്ള സന്ദേശമാണ് നാടകത്തിലൂടെ നൽകുന്നത്. വി.വി പാറ്റ് സംവിധാനത്തെക്കുറിച്ചും പരാമർശമുണ്ട്. സംഭാഷണങ്ങളും പാട്ടുകളുമായി 10 മിനിട്ട് നീണ്ടു നിൽക്കുന്ന തെരുവുനാടകത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ 15 പേരാണ് അഭിനയിക്കുന്നത്. കോളജിലെ ഇലക്ടറൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ സ്വാതി ജി. കൃഷ്ണയാണ് തിരക്കഥ. ഇന്നലെ കളക്ടറേറ്റ് വളപ്പിലായിരുന്നു അരങ്ങേറ്റം.