john

പാലാ : തിരഞ്ഞെടുപ്പായോ ജോൺ എന്ന പുതുപ്പള്ളിക്കാരന് പിന്നെ തിരക്കോട് തിരക്കാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ ജോണിനെ കാണണമെങ്കിൽ ഏതെങ്കിലും വലതുസ്ഥാനാർത്ഥികളുടെ ചുവരെഴുതുന്നതിന് സമീപമെത്തിയാൽ മതി. ജോണിന്റെ ഇടതുകൈ കൊണ്ടുള്ള എഴുത്ത് വലതുപക്ഷത്തിന്റെ വിജയമന്ത്രം കൂടിയാണ്. ജോൺ ചുവരെഴുതിയ സ്ഥാനാർത്ഥികളൊന്നും തോറ്റ ചരിത്രമില്ല. വലതുപക്ഷത്തിനായാണ് എഴുതുന്നതെങ്കിലും ഒരുതവണ ആ പതിവ് തെറ്റിച്ചു. സാക്ഷാൽ മോൻസ് ജോസഫ് കടുത്തുരുത്തിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച വേളയിൽ. കെ.എം.മാണി, ജോസ് കെ.മാണി, മോൻസ് ജോസഫ് എന്നിവർക്കു വേണ്ടിയാണ് കൂടുതലും എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പായാൽ പല സ്ഥലങ്ങളിൽ നിന്നു കോളുകൾ വരാറുണ്ടെങ്കിലും ജോണിന് സമയമില്ല. തിരക്കിനിടയിൽ ഒരു ചാരിറ്റബിൾ സൊസൈറ്റിയിലും സജീവമാണ്. ഇരവിനല്ലൂർ സ്വദേശിയായ ജോൺ കേരള കോൺഗ്രസിന്റെ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി കൂടിയാണ്. ഭാര്യ അനില ജോണും, എൻജിനിയറിംഗ് വിദ്യാർത്ഥിനിയായ മകൾ മഞ്ചു ജോണും, ആനിമേഷൻ വിദ്യാർത്ഥിയായ ജിത്തു ജോണും എല്ലാ പിന്തുണയുമായി ജോണിനൊപ്പമുണ്ട്.