ചങ്ങനാശേരി : തൃക്കൊടിത്താനം കുന്നുംപുറം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറ് ലക്ഷം രൂപ കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളായ 2 പേർ പിടിയിൽ. തലശേരി പനമ്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കരെ ക്രോസ് ജനപ്രിയ അപ്പാർട്ട്‌മെന്റിൽ മാത്യു മകൻ അലക്‌സ് സൂര്യ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 8 ന് പുലർച്ചെ 2 ഓടെയാണ് സംഭവം. ചങ്ങനാശേരി ഡിവൈ.എസ്.പി എൻ. രാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പല ഗ്രൂപ്പുകളായി തിരിഞ്ഞ് ജില്ലയിലും സമീപ ജില്ലകളിലുമായി 40 കിലോമീറ്റർ ചുറ്റളവിൽ ചെറിയ റോഡുകളിലുൾപ്പെടെ സഞ്ചരിച്ച് ഇരുന്നൂറിൽപ്പരം സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അൻപതിനായിരത്തിലധികം ഫോൺകാളുകളും ശേഖരിച്ചു. ഇതേ മാതൃകയിൽ മറ്റൊരു പള്ളിയിൽ കവർച്ച ലക്ഷ്യമിട്ട സംഘം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന്, മോഷണക്കേസുകളിലാണ് പ്രതിയാണ് അലക്സ്. കഞ്ചാവ് കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയവെയാണ് കണ്ണൂർ സ്വദേശി റൗഫിനെ പരിചയപ്പെടുന്നത്. ജയിലിൽ മോചിതരായ ഇരുവരും പിന്നീട് ഒന്നിച്ചായിരുന്നു പ്രവർത്തനം. പള്ളികളും അമ്പലങ്ങളും ആൾപ്പാർപ്പില്ലാത്ത വീടുകളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. മീൻകച്ചവടത്തിനിടെ മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തുകയായിരുന്നു രീതി.
തിരുവഞ്ചൂർ ഇറഞ്ഞാൽ സ്വദേശിയായ അനൂപിന്റെ വീട് കുത്തിത്തുറന്ന് 9 പവനും ബൈക്കും മോഷ്ടിച്ചതും ,കോട്ടയം ടൗണിൽ കച്ചവടം നടത്തുന്ന ആലപ്പുഴ ഏവൂർ സ്വദേശിയായ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചതും, വാകത്താനം വെട്ടിക്കലുങ്ക് സ്വദേശിയുടെ വീട്ടിൽ നിന്നു മുന്തിയ ഇനം മൊബൈൽ ഫോൺ, കാമറ, വിദേശ കറൻസി എന്നിവ മോഷ്ടിച്ചതും, കായംകുളം രണ്ടാംകുറ്റി ദേവീക്ഷേത്രത്തിലെ മോഷണം, പത്തനംതിട്ട കോയിപ്പുറത്ത് വീടിന്റെ വാതിൽ പൊളിച്ച് 1.5 പവന്റെ മാല മോഷ്ടിച്ചതും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം ബംഗളൂരുവിലേക്ക് പോയ അലക്സിനെ സമാനമാതൃകയിൽ മറ്റൊരു മോഷണത്തിനായി റൗഫ് വിളിച്ചു വരുത്തി ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച ബൈക്കിൽ മാവേലിക്കരയിൽ നിന്നു ഇരുവരും പിടിയിലാകുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ തൃക്കൊടിത്താനം എസ്.എച്ച്.ഒ പി.പി. ജോയി, എസ്.ഐ. പി.എം ഷെമീർ, സൈബർസെൽ ഉദ്യോഗസ്ഥരായ മനോജ് കുമാർ വി.എസ്, സതീഷ്, രജനീഷ് പി.എസ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ സിബിച്ചൻ ജോസഫ്, അൻസാരി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, അരുൺ, പൊലീസുകാരായ മോഹനൻ, ഷാജിമോൻ, രഞ്ജീവ് ദാസ്, ഷാജി ആന്റണി, മനോജ്, ശ്രീകുമാർ, സെബാസ്റ്റ്യൻ, ബിജു പി.എം., മണിലാൽ, പിഷോർലാൽ, സുജിത്, കലേഷ്, മനേഷ് ദാസ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്കിയത്.